കാട്ടുതീയിൽ വിറങ്ങലിച്ച് നാട്.. പ്രമുഖ നടീനടന്മാരുടെ വീടുകളും കത്തിനശിച്ചു… ഇതുവരെ 5 മരണം…
നിയന്ത്രണാതീതമായ കാട്ടുതീയിൽ അകപ്പെട്ട് 5 പേർ മരിച്ചു. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നു.ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായാണ് വിവരം. അമേരിക്കയിലെ ലൊസാഞ്ചലസിലാണ് സംഭവം.ഓസ്കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഹോളിവുഡ് ഹിൽസിനും ഭീഷണിയുണ്ട്. 1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. നാസയുടെ റോബോട്ടിങ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെപിഎല്‍) കാട്ടുതീ ഭീതിയിലാണ്.
തീപിടിത്തമുണ്ടായതിന് പിന്നാലെ പല സിനിമകളുടെയും ആദ്യ പ്രദർശനം അടക്കം റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമാണ്. ഹോളിവുഡ് ഹിൽസിലെ സൺസെറ്റ് തീപിടിത്തത്തെ തുടർന്ന് നിർബന്ധമായും ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരുടെ വീടുകളും കത്തിനശിച്ചു. ഹോളിവുഡ് നടന്മാരായ ബില്ലി ക്രിസ്റ്റൽ, യൂജിൻ ലെവി, മാർക് ഹാമിൽ, ജെയിംസ് വൂഡ്സ്, കാരി എൽവിസ് എന്നിവരുടെയും നടിമാരായ മാൻഡി മൂറിന്റെയും പാരീസ് ഹിൽട്ടണിന്റെയും വീടുകളാണ് നശിച്ചത്. ബില്ലി ക്രിസ്റ്റൽ കുടുംബത്തോടൊപ്പം 46 വർഷമായി താമസിച്ചുവരുന്ന വീടാണ് നഷ്ടപ്പെട്ടത്.തന്റെ കുടുംബത്തിന്റെയടക്കം നിരവധി പേരുടെ വീടുകൾ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും മരവിപ്പിലുമാണെന്ന് മാൻഡി മൂർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.