തുറുപ്പുഗുലാനിലെ ആന നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു…

എറണാകുളം: എറണാകുളം നെട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പ്രശസ്ത ഗജവീരൻ നെല്ലിക്കോട്ട് മഹാദേവൻ വിടവാങ്ങി. മമ്മൂട്ടി ചിത്രമായ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആനയാണ് മഹാദേവൻ. കേരളത്തിലെ ആനപ്രേമികൾക്കിടയിൽ വലിയ ആരാധകവൃന്ദമുള്ള താരം കൂടിയായിരുന്നു ഈ കൊമ്പൻ.ഇന്ന് രാവിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ആനയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഉത്സവപ്പറമ്പിൽ നിന്നും അടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ആനയെ മാറ്റാൻ തീരുമാനിച്ചു. ലോറിയിൽ കയറ്റി പുതിയ സ്ഥലത്തെത്തിച്ച് ഇറക്കാൻ ശ്രമിക്കുന്നതിനിടെ മഹാദേവൻ തളർന്നു വീഴുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സ്ഥിരീകരിച്ചു.സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നെല്ലിക്കോട്ട് മഹാദേവൻ, തുറുപ്പുഗുലാനിലെ പാട്ടുരംഗങ്ങളിലും മറ്റ് പ്രധാന സീനുകളിലും തിളങ്ങിയിരുന്നു. പ്രിയ ആനയുടെ വിയോഗം ഉത്സവപ്രേമികൾക്കിടയിൽ വലിയ നോവായി മാറിയിരിക്കുകയാണ്.




