നീലിയ്ക്ക് കത്തി, അപ്പോ ചാത്തനോ?.. ബ്രില്യൻസ് ഒളിപ്പിച്ച് ‘ലോക 2’.. വമ്പൻ പ്രതീക്ഷയിൽ ആരാധകർ..
വൻ ഹിറ്റായി മാറിയ ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ‘അവൻ വരും, ചാത്തന്മാർ അവനെ കൊണ്ടുവരും’ എന്ന ആകാംക്ഷയുണർത്തുന്ന വാചകത്തോടടെയാണ് പ്രഖ്യാപം എത്തിയത്. മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ അണിയറപ്രവർത്തകർ നേരത്തെതന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിലിലെ ബ്രില്യൻസ് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ആദ്യ ഭാഗത്തിൽ കത്തിയായിരുന്നു കല്യാണിയുടെ നീലിയുടെ ആയുധമെങ്കിൽ രണ്ടാം ഭാഗത്തിൽ കാർഡുകൾ ആണ് ടൊവിനോയുടെ ചാത്തന്റെ ആയുധം. ഈ കാർഡുകൾ ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ നിർമിച്ചിരിക്കുന്നത്. ടൈറ്റിലിലെ ഒ,കെ,എച്ച് എന്നീ അക്ഷരങ്ങളിൽ കാർഡുകൾ ഒളിപ്പിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. അതേസമയം, ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ശ്രദ്ധിച്ചാൽ ഒ,കെ എന്നീ അക്ഷരങ്ങളുടെ ഇടയിൽ ഒരു കത്തി ഒളിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗം മഞ്ഞ കളർ ആണ് ടൈറ്റിലിനായി ഉപയോഗിച്ചിരിക്കുന്നതെങ്കിൽ രണ്ടാം ഭാഗത്തിന് അത് ചുവപ്പ് നിറമാണ്. ആദ്യ ഭാഗത്തേക്കാൾ വയലന്റ് ആകുമോ രണ്ടാം ഭാഗമെന്നാണ് ആരാധകർ ചോദിക്കുന്നത്.
സിനിമയുടെ രണ്ടാം ഭാഗം ചാത്തന്റെ വരവ് ആയിരിക്കുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചാത്തൻ അല്ല ചാത്തന്റെ ചേട്ടനാണ് വരുന്നത്. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ടൊവിനോയ്ക്ക് ഒപ്പം ദുൽഖർ സൽമാനും വിഡിയോയിൽ ഉണ്ട്. മികച്ച വരവേൽപ്പാണ് വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചാത്തന് ശേഷം ദുൽഖറിന്റെ ഓടിയന്റെ കഥയാകും എത്തുന്ന എന്ന സൂചനയും നൽകുന്നുണ്ട്.