നാട്ടുകാരെ പ്ലീസ്, ‘ഞാൻ കുറവ സംഘാംഗം അല്ല…. നാടാകെ പ്രചരിച്ച സന്ദേശം…ഒടുവിൽ യുവാവ്..

തന്‍റെ ചിത്രം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറുവ സംഘാംഗം എന്ന് പ്രചരിപ്പിക്കുന്നതിനെതിരേ മരംമുറിത്തൊഴിലാളിയായ യുവാവ് രംഗത്ത്. ഇരിങ്ങാലക്കുടയില്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂര്‍ കൊല്ലയില്‍ വിനോദ് (44) നിയമനടപടിക്കൊരുങ്ങുകയാണ്. ജോലിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് ആറാട്ടുപുഴ തേവര്‍ റോഡില്‍ എത്തിയപ്പോഴാണ് ദുരനുഭവങ്ങളുടെ തുടക്കം.
ജനാര്‍ദനന്‍ എന്നയാളുടെ വീടിന്‍റെ പരിസരത്ത് മുറിച്ചിട്ട മരക്കൊമ്പുകള്‍ വിനോദ് വാങ്ങിയിരുന്നു. ഒരു ടെമ്പോയ്ക്കുള്ള മരം ഇല്ലാത്തതിനാല്‍ സമീപത്തെ മറ്റൊരു വീട്ടിലെ മരക്കൊമ്പുകള്‍കൂടി മുറിച്ച് വാങ്ങാനുള്ള ശ്രമം നടത്തി. ഇതിന്‍റെ ഭാഗമായി സമീപത്തെ കടയില്‍ ഈ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. നാട്ടുകാരന്‍ വഴി അറിഞ്ഞ പ്രദേശത്തെ മോഷണ ശല്യത്തെക്കുറിച്ചും വിനോദ് കടയില്‍ തിരക്കി. ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കുകയായിരുന്നു.
വിനോദിന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ആരോ വാട്‌സ് ആപ്പ് മുഖേന സന്ദേശം പ്രചരിപ്പിച്ചു. മൂന്ന് പേരുടെ ശബ്‍ദ സന്ദേശവും വിനോദിന്‍റെ ചിത്രം കൂടാതെ മറ്റൊരു വ്യക്തിയുടെ ചിത്രവും ഉള്‍പ്പെടുത്തി ഈയിടെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. മൂന്ന് ശബ്‍ദസന്ദേശങ്ങളില്‍ ഒരാളുടെ സന്ദേശത്തിലാണ് ഇവര്‍ കുറുവാസംഘം ആണെന്ന് പറയുന്നത്.