ഹാർബറിൽ കെട്ടിട നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം, നിർമ്മാണം തടഞ്ഞ് വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ

ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ ദുരന്തനിവാരണ കേന്ദ്രത്തിന്റെ കോൺക്രീറ്റ് നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത് നാട്ടുകാർ. പ്രദേശവാസികൾ സംഘടിച്ച് നിർമ്മാണ പ്രവർത്തികൾ തടഞ്ഞുവച്ചു. കഴിഞ്ഞദിവസമാണ് സംഭവം. കായലിൽ മോട്ടോർ സ്ഥാപിച്ച് വെള്ളമെടുത്താണ് കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിലേക്ക് എത്തിച്ചത്. ദുരന്തനിവാരണ കേന്ദ്രം നിർമിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച വാർഫിന്റെ ഭാഗത്താണ് കായലിൽ മോട്ടോർ സ്ഥാപിച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഉപ്പുവെള്ളം ആണെന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടും നിർമ്മാണം നിർത്തിവയ്ക്കാതെ മുന്നോട്ടുപോയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. നിർമ്മാണം തടഞ്ഞു വെച്ച ഇവർ പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു. ഒടുവിൽ തെറ്റു പറ്റിയതായി കരാർ കമ്പനി പ്രതിനിധി സമ്മതിച്ചതാണ് വിവരം. ഹാർബർ എൻജിനീയറിങ് വകുപ്പ് ചുമതലപ്പെടുത്തിയ സൈറ്റ് സൂപ്പർവൈസറും സ്ഥലത്തുണ്ടായിരുന്നു.
നിർമ്മാണ പ്രവർത്തികൾക്കായി പണം നൽകി വെള്ളം വാങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ച വൈദ്യുതടസം ഉണ്ടായതിനെ തുടർന്ന് വെള്ളമെടുക്കാൻ സാധിച്ചിരുന്നില്ല ഇതിനാലാണ് കായലിലെ വെള്ളം ഉപയോഗിച്ചതെന്നുമാണ് കരാർ കമ്പനി പ്രതിനിധികളുടെ ന്യായവാദം. പക്ഷേ മോട്ടോർ ദിവസങ്ങളിലായി കായലിട്ടത് കണ്ടതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എന്നാൽ ഇത് കോൺക്രീറ്റ് നിർമ്മാണ ജോലികൾക്കല്ല മറിച്ച് മണ്ണ് ഉറപ്പിക്കുന്നതിന് വേണ്ടി വെള്ളമെടുക്കാനെന്ന് കമ്പനി അധികൃതർ പറഞ്ഞു.



