വീട്ടുപറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ പുറകിലേക്ക് ചാടിക്കയറി ആക്രമണം; ചാലക്കുടിയിൽ രണ്ട് പേർക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്

ചാലക്കുടി നഗരത്തിലെ ജനവാസ കേന്ദ്രത്തില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. വെട്ടുകടവ് പാലത്തിനു സമീപത്തെ പുഴയോരം സ്ട്രീറ്റില്‍ ചിറയത്ത് മുണ്ടന്മാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടന്‍ വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ഗിരിജ (59) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെട്ടുകടവ് എം.കെ.എം. റോഡിലെ തോട്ടാന്‍ ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരിയാണ് ഗിരിജ. സ്ഥിരമായി പ്രദേശത്ത് കണ്ടുവരുന്ന കുരങ്ങുകളില്‍ ഒന്നാണ് ആക്രമിച്ചത്
വീട്ടുപറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മോളിയുടെ പിന്‍ഭാഗത്ത് ചാടിക്കയറിയ കുരങ്ങ് മുതുകില്‍ മാരകമായി മാന്തി പരുക്കേല്‍പ്പിച്ചു. ഇവര്‍ നിലവിളിച്ച് ബഹളം വച്ചെങ്കിലും വീട്ടിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഒരു മിനിറ്റോളം ആക്രമിച്ച കുരങ്ങ് പിന്നീട് ഓടി പോവുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെയാണ് ഇതേ കുരങ്ങ് 400 മീറ്റര്‍ അകലെയുള്ള തോട്ടാന്‍ ജോര്‍ജിന്റെ വീട്ടുപറമ്പില്‍ എത്തിയത്. പറമ്പില്‍ പണിയെടുത്തുനിന്നിരുന്ന ഗിരിജയുടെ കാലിലായിരുന്നു കുരങ്ങിന്റെ ആക്രമണം. ഇരുവരെയും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി



