പത്തനാപുരത്ത് സരമാനുകൂലികൾ കൊടി കുത്തി ബസ് തടഞ്ഞു..മന്ത്രിയുടെ പ്രഖ്യാപനം വകവയ്ക്കാതെ സമരക്കാർ..
പത്തനാപുരം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലത്തിലെ ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ഇന്ന് മുഴുവൻ ബസുകളും സർവ്വീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപനവും നടത്തി. ജീവനക്കാർ നോട്ടീസ് നൽകിയിട്ടില്ലെന്നും ബസുകൾ ഓടുമെന്നും മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ, പ്രവർത്തകർ ബസുകൾ ഓടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പത്തനാപുരത്ത് ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി. സമരാനുകൂലികൾ ബസുകൾ തടഞ്ഞു. കൊല്ലം ഡിപ്പോയിൽ സർവീസ് നടത്താനൊരുങ്ങിയ ബസിൽ സമരക്കാർ കൊടി കുത്തി തടയുകയായിരുന്നു. കൊല്ലം ജില്ലയിലെ ഒരു സ്റ്റേഷനിലും കെ എസ് ആർ ടി സി ബസുകൾ സർവ്വീസ് നടത്തുന്നില്ല.
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്. കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.