മുന്നറിയിപ്പില്ലാതെ റോങ് സൈഡിലെത്തി…കൈക്കുഞ്ഞ് അടക്കം ബൈക്ക് യാത്രികർക്ക്..

റോഡിന്റെ എതിർദിശയിൽ കയറി എത്തിയ കാറിൽ തട്ടി ബൈക്ക് യാത്രികർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ ആനപ്പാറ ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. ബൈക്കിലുണ്ടായിരുന്ന കൈക്കുഞ്ഞ് അടക്കമുള്ള കുട്ടികൾക്ക് നിസാര പരിക്കേറ്റു.ആനപ്പാറയിൽ നിന്ന് വെള്ളറടയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികർ, റോഡിന്റെ എതിർവശത്ത് നിന്നും സിഗ്നലോ മുന്നറിയിപ്പുകളോ ഇല്ലാതെ റോങ് സൈഡിലൂടെ വന്ന കാറിൽ തട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ദിശ തെറ്റി അമിത വേഗത്തിൽ വന്ന കാർ ബൈക്ക് യാത്രികരെ വീഴ്ത്താൻ കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടം കണ്ട ഉടൻ നാട്ടുകാർ ഓടിക്കൂടി റോഡിൽ നിന്ന് പരിക്കേറ്റവരെ എടുത്ത് സമീപത്തെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അപകടമുണ്ടാക്കിയ കാർ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നാട്ടുകാർ ഇടപെട്ടാണ് പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ നൽകിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



