കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റ്.. താമസക്കാരല്ലാത്തവർ എത്തുന്നുവെന്ന് പരാതി, പരിശോധനയിൽ…

ഇടുക്കി ജില്ലയിലെ ഒളമറ്റത്ത് കോളേജ് വിദ്യാർഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ലഹരി വിൽപ്പനക്കാരെ എക്സൈസ് പിടികൂടി. എം ഡി എം എയും കഞ്ചാവും അടക്കം ഇവരിൽ നിന്ന് പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. ഇടുക്കി ജില്ലയിലെ വിതരണക്കാരിൽ പ്രധാനിയായ നെയ്ശ്ശേരി സ്വദേശി ഹാരിസും സുഹൃത്ത് തോംസണുമാണ് പിടിയിലായത്. തൊടുപുഴയിലെ സ്വകാര്യ കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് പ്രതികളെ ലഹരി വസ്തുക്കളുമായി പിടികൂടിയതെന്ന് എക്സൈസ് വിവരിച്ചു. ബെംഗളൂരുവിൽ നിന്നാണ് ലഹരിയുമായി ഇവർ തൊടുപുഴയിൽ എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഫ്ലാറ്റിലേക്ക് താമസക്കാരല്ലാതെ നിരവധി ആളുകൾ പതിവായെത്തുന്നുവെന്ന പരാതി എക്സൈസിന് നേരത്തെ തന്നെ കിട്ടിയിരുന്നു. ഇതനുസരിച്ചുള്ള പരിശോധനയിലാണ് ഹാരിസും തോംസണും കുടുങ്ങിയത്.



