ഗുരുവായൂരിൽ കോലീബി സഖ്യം.. 25ഓളം പേർ മുസ്ലീം ലീ​ഗ് വിട്ടു..

ഗുരുവായൂരിൽ കോലീബി(കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യമെന്ന് ആരോപിച്ച് ഗുരുവായൂർ തൈക്കാട് മേഖലയിൽ 25 ഓളം പേർ മുസ്ലീം ലീഗ് വിട്ടു. എൽഡിഎഫിനെ പിന്തുണക്കുമെന്നും ഇവർ അറിയിച്ചു. ഗുരുവായൂർ നഗരസഭയിലെ 14, 15, 17 വാർഡുകളിലാണ് കോൺഗ്രസ്-ലീഗ്-ബിജെപി കൂട്ടുകെട്ട് രൂപം കൊണ്ടതായി ആരോപണം ഉയർന്നത്. ഇതിൽ പ്രതിഷേധിച്ച് ആർ.എച്ച്. യൂസഫലിയുടെ നേതൃത്വത്തിൽ ആറുപേരാണ് മുസ്ലീം ലീഗിൽ നിന്ന് രാജി വെച്ചത്. ഇവരും കുടുംബങ്ങളും അടക്കം 25 ഓളം പേർ എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുമെന്ന് യൂസഫലി പറഞ്ഞു.

സിപിഐ പ്രവർത്തകനായിരുന്ന യൂസഫലിയടക്കമുള്ളവർ രാജിവെച്ച് ഏഴുമാസം മുമ്പാണ് മുസ്ലീം ലീഗിൽ ചേർന്നത്. സബ്സ്റ്റേഷൻ വാർഡിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി റഷീദ് കുന്നിക്കലിനെ വിജയിപ്പിക്കാൻ ബിജെപി രംഗത്തിറങ്ങിയേക്കുമെന്നാണ് ഇവർ ആരോപിക്കുന്നത്. പകരം തൈക്കാട് വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഷാജി കുര്യനെ ലീഗ് പിന്തുണക്കും. ഇരിങ്ങപ്പുറം വാർഡിൽ സി പി ഐ സ്ഥാനാർത്ഥി കെ.കെ. ജ്യോതിരാജിനെ തോൽപ്പിക്കാനും ഒരു ലീഗ് നേതാവിൻ്റെ നേതൃത്വത്തിൽ രഹസ്യ ധാരണയായതായി ഇവർ ആരോപിക്കുന്നു. വെൽഫെയർ പാർട്ടിയും ഇവർക്ക് രഹസ്യ പിന്തുണയുണ്ടെന്നും ലീഗ് വിട്ടവർ ആരോപിച്ചു.

Related Articles

Back to top button