എസ്ഡിപിഐ സ്ഥാനാർത്ഥിയെന്ന് വ്യാജപ്രചരണം: ആൽബിച്ചൻ മുരിങ്ങയിലിനെതിരെ പരാതി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ വിദേശ മലയാളി ആൽബിച്ചൻ മുരിങ്ങയിലിനെതിരെ പരാതി. എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ആൽബിച്ചൻ മുരിങ്ങയിലിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കോട്ടയം സ്വദേശിയായ ഇദ്ദേഹം നിലവിൽ അമേരിക്കയിലാണ്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരെ വ്യാജ പ്രചാരണവും ദേശീയ കമ്മിറ്റിയംഗത്തിന്റെ ചിത്രം ദുരുപയോഗവും ചെയ്തെന്ന് ആരോപിച്ച് എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ്പ്രസിഡന്റും, ജില്ലാ ഇലക്ഷൻ കമ്മിറ്റി ചെയർമാനുമായ യു നവാസാണ് ജില്ലാ വരണാധികാരിക്കും സൈബർ സെല്ലിനും പരാതി നൽകിയിരിക്കുന്നത്.
നേരത്തേയും നിരവധി വിവാദങ്ങളിൽ അകപ്പെട്ട വ്യക്തിയാണ് ആൽബിച്ചൻ മുരിങ്ങയിൽ. ഫേസ്ബുക്കിലൂടെ ദേശീയപതാകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിലും ഇയാൾക്കെതിരെ നേരത്തെ ആലുവ എടത്തല പൊലീസ് കേസെടുത്തിരുന്നു. ദേശീയപതാകയിലെ അശോക ചക്രത്തിന് പകരം മോശം ഇമോജി ഇട്ടുകൊണ്ടുള്ള പോസ്റ്റിനെതിരെ എടത്തലയിലെ പ്രാദേശിക ബിജെപി നേതാവ് പരാതി നൽകുകയായിരുന്നു.



