കേരള ബിജെപിയിൽ ‘ടീം വികസിതകേരളം’.. പ്രൊഫഷണൽ സംഘത്തെ നിയോ​ഗിച്ച് രാജീവ് ചന്ദ്രശേഖർ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നേരിടാൻ ബിജെപിയെ സജ്ജമാക്കാൻ പ്രൊഫഷണൽ സംഘത്തെ നിയോ​ഗിച്ച് രാജീവ് ചന്ദ്രശേഖർ. പാർട്ടി നേതാക്കളുടെ എതിർപ്പ് മറികടന്നാണ് സംസ്ഥാന അധ്യക്ഷൻ പാർട്ടിക്ക് പ്രൊഫഷണൽ ടച്ച് നൽകിയിരിക്കുന്നത്. എട്ട് സാങ്കേതിക വിദഗ്ധരടങ്ങിയ സംഘമാണ് രാജീവ് ചന്ദ്രശേഖറിന്റെ സൈന്യം. ഈ ടീമിന്റെ ചെലവുകൾ മുഴുവൻ പ്രസിഡന്റ് തന്നെയാണ് വഹിക്കുന്നത്. ‘ടീം വികസിതകേരളം’ എന്ന പേരിലാണ് സംഘം പ്രവർത്തിക്കുന്നത്. പാർട്ടിക്കുള്ളിലും പുറത്തും നടക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും നേരിട്ടു ഇടപെടാനുമാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ആഴ്ചതോറും റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട ഈ സംഘം നേരിട്ട് പ്രസിഡന്റിന്റെ ഓഫീസിനോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടുവിഭാഗ വിശകലനത്തിൽ ടീമിന്റെ കണക്കുകൾ കൃത്യമായിരുന്നുവെന്നും അതിനുശേഷം കൂടുതൽ ചുമതലകൾ കൈമാറിയതുമാണ് വിവരം.

ഇത്തരത്തിലുള്ള ‘സ്വകാര്യ ടീം’ മുഖേന പാർട്ടിയെ നിയന്ത്രിക്കുന്നതിനെതിരെ ആദ്യഘട്ടത്തിൽ ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ആർ.എസ്.എസ് മൗനം പാലിച്ചതോടെ പ്രതിരോധം ശമിച്ചു. പാർട്ടി പ്രവർത്തനത്തിൽ ആധുനിക സാങ്കേതികതയുടെയും പ്രൊഫഷണൽ മാനേജ്മെന്റിന്റെയും ഇടപെടൽ അനിവാര്യമാണെന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്.

വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനും പാർട്ടി തന്ത്രങ്ങൾക്ക് ഈ ടീമിന്റെ പങ്ക് ഉറപ്പാണ്. 30 സംഘടനാ ജില്ലകളിലായി നേതാക്കൾക്ക് പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്. നിയമസഭാമണ്ഡല ചുമതല ലഭിച്ചവർ പിന്നീട് അവിടത്തെ സ്ഥാനാർത്ഥികളായേക്കും. ഹൈടെക് കൺവെൻഷനിലൂടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിശദീകരിക്കാനും പദ്ധതിയുണ്ട്.

പാർട്ടി വിജയസാധ്യത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിജയസാധ്യതയേറിയ ‘എ’ വിഭാഗങ്ങളിലാണ് ഇപ്പോൾ പ്രാധാന്യമായ പ്രവർത്തനം നടക്കുന്നത്. പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ നീക്കം ബിജെപിയുടെ സംഘടനാ ശൈലിയിൽ വൻ മാറ്റം സൃഷ്ടിക്കുമെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തൽ.

Related Articles

Back to top button