തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കൈയിൽ മഷി പുരട്ടുന്നതിൽ മാറ്റം…ചൂണ്ടുവിരലല്ല, നടുവിരലിൽ…

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 10ന് ആണ് തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്. കഴി‍ഞ്ഞ നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്‌സഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണ് തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ ഇടത് കൈയ്യിലെ നടുവിരലിൽ മഷി പുരട്ടുക.

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുന്നതിന് കൂടിയാണ് ഈ നടപടി. നിര്‍ദ്ദേശം ഡിസംബര്‍ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരേയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പ്രിസൈഡിങ് ഓഫീസറോ പോളിങ് ഓഫീസറോ മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതു ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Related Articles

Back to top button