കാൻസർ ബാധിച്ച് അമ്മ മരിച്ചു.. വിമാന അപകടത്തിൽ അച്ഛനും.. 18 ദിവസങ്ങൾക്കിടെ അനാഥരായത് രണ്ട് കുഞ്ഞുങ്ങൾ…

ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് നഷ്ടമായത് അച്ഛനേയും അമ്മയേയും. ഗുജറാത്ത് സ്വദേശിയും ബ്രിട്ടീഷ് പൗരനുമായ അര്‍ജുന്റേയും ഭാര്യ ഭാരതിയുടേയും മരണത്തോടെയാണ് എട്ടും നാലും വയസ് പ്രായമുള്ള അവരുടെ കുഞ്ഞുങ്ങള്‍ അനാഥരായത്. ഇക്കഴിഞ്ഞ പന്ത്രണ്ടിന് അഹമ്മദാബാദില്‍ നടന്ന വിമാന അപകടത്തിലായിരുന്നു സൂറത്ത് സ്വദേശിയായ അര്‍ജുന്‍ (37) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഭാരതി (35) മെയ് 26ന് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.

ഭാരതിയുടെ ചിതാഭസ്മം നര്‍മദാ നദിയില്‍ ഒഴുക്കുന്നതിനായായിരുന്നു അര്‍ജുന്‍ നാട്ടില്‍ എത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്.ദിവസങ്ങളുടെ ഇടവേളയിൽ മകനും മരുമകളും മരിച്ചതിൻ്റെ ആഘാതത്തിലാണ് അര്‍ജുന്റെ മാതാവ് 62കാരി കാഞ്ചന പട്ടോളിയ. കുഞ്ഞുമക്കളുടെ കാര്യത്തിലും അവർ ആശങ്കയിലാണ്. ഡിഎന്‍എ പരിശോധനയ്ക്കായി കാഞ്ചനയായിരുന്നു ആശുപത്രിയില്‍ എത്തിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അർജുന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കാഞ്ചന പറയുന്നു. നിലവില്‍ ലണ്ടനിലെ സ്‌കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്. ആവശ്യമെങ്കില്‍ അവരുടെ പരിചരണത്തിനായി ലണ്ടനിലേക്ക് പോകും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കാഞ്ചന പറഞ്ഞു.

Related Articles

Back to top button