സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍….
നിര്‍മ്മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അപകീര്‍ത്തികരമായ പരാമര്‍ശം സാന്ദ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
ലിസ്റ്റിന്‍ സ്റ്റീഫന്‍ മറ്റ് സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നുവെന്ന് മെയ് മാസത്തില്‍ സാന്ദ്ര തോമസ് ആരോപിച്ചിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ പൊതുവേദിയിലെ ഒരു അഭിപ്രായപ്രകടനത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് സാന്ദ്ര അന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖ താരത്തിനെതിരെ ലിസ്റ്റിന്‍ നടത്തിയ വിമര്‍ശനത്തിലാണ് സാന്ദ്ര തോമസ് പ്രതികരിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.