പാകിസ്ഥാനുമായുള്ള വ്യാപാരം നിരോധിച്ചതോടെ ഇന്ത്യയിൽ വിലകൂടും..

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാക് ബന്ധം ഏറ്റവും മോശമായ നിലയിലാണ്. പാകിസ്ഥാനുള്ള ശക്തമായ സന്ദേശത്തിൽ, ഇന്ത്യ നിരവധി നടപടികൾ സ്വീകരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പരിമിതമായ വ്യാപാരം ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു. പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പൂർണ്ണമായി നിർത്തിവയ്ക്കുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. 

ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഇറക്കുമതിയും കയറ്റുമതിയും പൂർണ്ണമായി നിലയ്ക്കുന്നതിലേക്ക് നയിച്ചു. പാകിസ്ഥാനുമായുള്ള വ്യാപാരം നിർത്തിവയ്ക്കുന്നത് ഇന്ത്യയെ എത്രത്തോളം ബാധിക്കും? ഇരു രാജ്യങ്ങളും തമ്മിൽ ഏതൊക്കെ തരത്തിലുള്ള സാധനങ്ങളാണ് വ്യാപാരം ചെയ്തിരുന്നത്? പാകിസ്ഥാനിൽ നിന്നുള്ള കയറ്റുമതി നിർത്തിയാൽ, ഇന്ത്യയിൽ ഏതൊക്കെ സാധനങ്ങൾക്ക് വില വർദ്ധിക്കാൻ സാധ്യതയുണ്ട്? എന്നീ ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. 

2019ലെ പുൽവാമ ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള വ്യാപാരത്തിൽ വലിയ നിയന്ത്രണങ്ങൾ വന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ക്രമാനുഗതമായി കുറഞ്ഞു. 2018-19ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം 4,370 കോടി രൂപയിലധികമായിരുന്നു. എന്നാല്‍, 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവ ചുമത്തി. ഇത് വ്യാപാരത്തിൽ വലിയ കുറവുണ്ടാക്കി. 2019-20 ഓടെ, അട്ടാരി ലാൻഡ് പോർട്ട് വഴിയുള്ള വ്യാപാരം 2,772 കോടി രൂപയായി കുറയുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

പാകിസ്ഥാന്‍റെ സമ്പദ്‍വ്യവസ്ഥ ഇതിനകം തന്നെ ഏറെ സങ്കീര്‍ണാവസ്ഥയിലാണ്. പണപ്പെരുപ്പം അതിന്‍റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കഴിഞ്ഞു. പാപ്പരായ രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെ ഐഎംഎഫിൽ നിന്നുള്ള വായ്പകളെ വളരെയധികം ആശ്രയിക്കാൻ പാകിസ്ഥാൻ നിർബന്ധിതരായി. അത്തരമൊരു സാഹചര്യത്തിൽ, വ്യാപാര ബന്ധങ്ങളുടെ പൂർണ്ണമായ തകർച്ച ഇന്ത്യയെക്കാൾ കൂടുതൽ പാകിസ്ഥാനെയാണ് ബാധിക്കുക. 

2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 513.82 ദശലക്ഷം ഡോളർ വിലമതിക്കുന്ന സാധനങ്ങൾ പാകിസ്ഥാനിലേക്ക് കയറ്റി അയച്ചു. അതേസമയം പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി വെറും 2.54 ദശലക്ഷം ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മാത്രമായിരുന്നു. 2022-23 ൽ പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 627.10 ദശലക്ഷം ഡോളറായി ഉയർന്നു. ഇറക്കുമതി 20.11 ദശലക്ഷം ഡോളറായി. എന്നാൽ, 2023-24 ൽ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി 2.88 ദശലക്ഷം ഡോളറായി ഗണ്യമായി കുറഞ്ഞു. അതേസമയം ഇന്ത്യയുടെ കയറ്റുമതി 1,180 ദശലക്ഷം ഡോളറായി ഉയർന്നു. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്‍റെ 0.06 ശതമാനത്തില്‍ താഴെ മാത്രമാണ് പാകിസ്ഥാനുമായുള്ള വ്യാപാരം എന്നത് ശ്രദ്ധേയമാണ്. അതായത് ഇന്ത്യ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. മറുവശത്ത് പാകിസ്ഥാൻ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയെ വളരെ അധികം ആശ്രയിക്കുന്നുമുണ്ട്.

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി: തണ്ണിമത്തൻ, ഷമാം, സിമന്‍റ്, കല്ലുപ്പ്, ഉണക്കിയ പഴങ്ങൾ, കല്ലുകൾ, ചുണ്ണാമ്പ്, പരുത്തി, സ്റ്റീൽ, കണ്ണടകൾക്കുള്ള ഒപ്റ്റിക്കൽ വസ്തുക്കൾ, ഓർഗാനിക് രാസവസ്തുക്കൾ, ലോഹ സംയുക്തങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ചെമ്പ്, സൾഫർ, തുണിത്തരങ്ങൾ, ചെരിപ്പുകൾ, മുൾട്ടാണി മിട്ടി (ഫുള്ളേഴ്സ് എർത്ത്).

ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതി: തേങ്ങ, പഴങ്ങൾ, പച്ചക്കറികൾ, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര, എണ്ണക്കുരുക്കൾ, കാലിത്തീറ്റ, പാലുത്പന്നങ്ങൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ഉപ്പ്, വാഹന ഭാഗങ്ങൾ, ചായങ്ങൾ, കാപ്പി.

Related Articles

Back to top button