ഡ്രൈലാൻഡായ ലക്ഷദ്വീപിലും മദ്യമെത്തി….ബംഗാരം ദ്വീപിൽ 267 കെയ്സ് എത്തിച്ചത്….

ലക്ഷദ്വീപ് എന്ന ‘ഡ്രൈലാൻഡി’ലേയ്ക്ക് ഒടുവിൽ മദ്യമെത്തി. മദ്യനിരോധനമുണ്ടായിരുന്ന ലക്ഷദ്വീപിലേയ്ക്ക് കേരള ബിവറേജസ് കോർപ്പറേഷൻ്റെ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറുമാണ് എത്തിയത്. കപ്പൽ മാർ​ഗ്ഗമാണ് ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബം​ഗാരം ദ്വീപിലേയ്ക്ക് 267 കെയ്സ് മദ്യം എത്തിയത്. ഇതിൽ 80 ശതമാനവും ബിയറാണ്. ലക്ഷദ്വീപിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അളവിലുള്ള മദ്യം തീരംതൊടുന്നത്. 215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻ നി‍ർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ എത്തിയിരിക്കുന്നത്.

നേരത്തെ ഇന്ത്യൻ നിർ‌മ്മിത വിദേശമദ്യവും ബിയറും കയറ്റി അയയ്ക്കാൻ ബിവറേജസ് കോർപ്പറേഷന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിൽ വിനോദസഞ്ചാരത്തിൻ്റെ ചുമതലയുള്ള ‘സ്പോർട്സി’ൻ്റെ അപേക്ഷ പരി​ഗണിച്ചായിരുന്നു സംസ്ഥാനത്തിൻ്റെ അനുമതി.

നിലവിൽ വിനോദസഞ്ചാരത്തെ ലക്ഷ്യം വെച്ചാണ് ബംഗാരം ദ്വീപിൽ മദ്യലഭ്യതയ്ക്ക് നിയന്ത്രിത അനുമതി നൽകിയിരിക്കുന്നത്. മറ്റു ദ്വീപുകൾ മദ്യനിരോധന മേഖലയായി തുടരുമ്പോൾ ബം​ഗാരം ദ്വീപിൽ മാത്രമായിരിക്കും മദ്യനിരോധനത്തിൽ ഇളവുണ്ടാകുക. അ​ഗത്തിയോട് ചേർന്ന 120 ഏക്കറിൽ പരന്ന് കിടക്കുന്ന ബം​ഗാരം ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ്. ആൾത്താമസമില്ലാത്ത ഇവിടം വിദേശവിനോദ സഞ്ചാരികളുടെ പ്രധാനകേന്ദ്രമാണ്. നിലവിൽ ഒറ്റത്തവണ അനുമതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നും ഇവിടേയ്ക്ക് മദ്യം എത്തിച്ചിരിക്കുന്നത്. കൺസ്യൂമർ ഫെഡിനും ബാറുകൾക്കും ലഭിക്കുന്ന നിരക്കിലെ ഇളവ് ‘സ്പോർട്സി’നും ലഭിക്കും.

Related Articles

Back to top button