ഈ കോർപ്പറേഷൻ പരിധിയിൽ 24 മണിക്കൂർ മദ്യവിൽപ്പനയ്ക്ക് നിരോധനം

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം പൂർണമായി നിരോധിച്ചു. ജില്ലാ കളക്ടര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് 2 വൈകിട്ട് 6 മുതൽ, പൊങ്കാല ദിനമായ മാർച്ച് 3 വൈകിട്ട് 6 വരെ ആകെ 24 മണിക്കൂറാണ് മദ്യനിരോധനം നിലവിലുണ്ടാകുക.
ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നഗരത്തിൽ വലിയ ജനക്കൂട്ടവും ഗതാഗതവും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചടങ്ങുകൾ സുരക്ഷിതവും സുഗമവുമായ രീതിയിൽ നടത്താൻ സഹായിക്കുന്നതിനാണ് മദ്യനിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
നിരോധനം നിലവിൽ വരുന്ന സമയത്ത് സർക്കാർ-സ്വകാര്യ മദ്യവിൽപ്പന ശാലകൾ ഉൾപ്പെടെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചിടേണ്ടതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പൊങ്കാല ദിവസങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.



