മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് ‘ജീവപര്യന്തം തടവ്’..

മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾ ഇനി കടുത്ത ശിക്ഷ. പ്രകോപനമില്ലാതെ ഒരു മനുഷ്യനെ കടിക്കുന്ന നായകളെ 10 ദിവസത്തേക്ക് മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുമെന്നും, ഈ പ്രവൃത്തി ആവർത്തിച്ചാൽ ജീവിതാവസാനം വരെ അവിടെ കഴിയേണ്ടി വരുമെന്നും ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. അതായത്, നായകൾക്ക് ഫലത്തിൽ ജീവപര്യന്തം തടവാണ് ലഭിക്കുന്നത്. ഈ നായകളെ ദത്തെടുക്കാൻ ആരെങ്കിലും തയ്യാറാവുകയാണെങ്കിൽ തെരുവിൽ ഉപേക്ഷിക്കില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ അവയ്ക്ക് പുറത്തിറങ്ങാൻ കഴിയൂ.

പ്രകോപനപരമായ പെരുമാറ്റം കാണിക്കുന്ന നായകളെ നിയന്ത്രിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാത് സെപ്റ്റംബർ 10ന് എല്ലാ ഗ്രാമീണ, നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവിട്ടു. ഒരു തെരുവ് നായയുടെ കടിയേറ്റ ശേഷം ആരെങ്കിലും പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്താൽ, സംഭവം അന്വേഷിക്കുകയും നായയെ അടുത്തുള്ള ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് മാറ്റുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.

അവിടെയെത്തിച്ചാൽ, നായയെ വന്ധ്യംകരണം ചെയ്തിട്ടില്ലെങ്കിൽ ആ നടപടി പൂർത്തിയാക്കും. 10 ദിവസത്തേക്ക് അതിനെ നിരീക്ഷിക്കുകയും സ്വഭാവം രേഖപ്പെടുത്തുകയും ചെയ്യും. പുറത്തുവിടുന്നതിന് മുൻപ്, നായയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇതിൽ നായയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. കൂടാതെ, അതിന്റെ സ്ഥാനം കണ്ടെത്താനും ഇത് സഹായിക്കുമെന്ന് പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷനിലെ വെറ്ററിനറി ഓഫീസർ ഡോ. ബിജയ് അമൃത് രാജ് പറഞ്ഞു.

Related Articles

Back to top button