ആര്യനിൽ നിന്ന് അനയ ആയി മാറി.. വനിതാ ക്രിക്കറ്റിൽ പരിഗണിക്കണമെന്ന് അഭ്യർഥന.. വിലക്ക് മാറ്റുമോ ഐസിസി….
ട്രാൻസ്‌ജെൻഡർ ക്രിക്കറ്റർമാരെ പിന്തുണയ്ക്കണമെന്ന് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനോടും (ഐസിസി) ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയോടും (ബിസിസിഐ) അഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം സഞ്ജയ് ബംഗറുടെ മകൾ അനയ ബംഗർ. ആര്യൻ എന്ന് മുമ്പ് വിളിച്ചിരുന്ന അനയ, ഹോർമോൺ റീപ്ലേസ്മെന്‍റ് തെറാപ്പിക്ക് (HRT) ശേഷമുള്ള തന്‍റെ കായിക യാത്രയെക്കുറിച്ചുള്ള അത്‌ലറ്റ് ടെസ്റ്റിംഗ് റിപ്പോർട്ടും പങ്കുവെച്ചിട്ടുണ്ട്.
താൻ വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ യോഗ്യയാണെന്നാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് അനയ പറയുന്നത്. ഹോർമോൺ റീപ്ലേസ്മെന്‍റ് തെറാപ്പിക്ക് ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയ ശേഷം മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തിയതെന്നും അനയ വീഡിയോയിൽ പറയുന്നു.
തന്‍റെ പേശീശക്തി, സഹനശേഷി, ഗ്ലൂക്കോസ്, ഓക്സിജൻ നിലകൾ എന്നിവയുടെ ഡാറ്റ ശേഖരിക്കുന്നതിനും, സിസ്ജെൻഡർ വനിതാ കായികതാരങ്ങളുമായി താരതമ്യം ചെയ്യുന്നതിനും യൂണിവേഴ്സിറ്റി ഒരു പരിശോധന നടത്തിയെന്ന് 23 വയസുകാരിയായ അനയ കൂട്ടിച്ചേർത്തു. പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം, ഈ അളവുകളെല്ലാം സിസ്ജെൻഡർ വനിതാ കായികതാരങ്ങളുടെ മാനദണ്ഡങ്ങൾക്കുള്ളിൽ ഒതുങ്ങുന്നതാണ്.
”ശാസ്ത്രം പറയുന്നു ഞാൻ വനിതാ ക്രിക്കറ്റിന് യോഗ്യയാണെന്ന്. ഇപ്പോൾ ചോദ്യം ഇതാണ്, ലോകം സത്യം അംഗീകരിക്കാൻ തയ്യാറാണോ?” അനയ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. നിലവിൽ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റർമാർക്ക് വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ അനുവാദമില്ല. 2023ലെ ക്രിക്കറ്റ് ലോകകപ്പിന് ശേഷം നടന്ന ഐസിസി ബോർഡ് മീറ്റിംഗിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. അനയ കഴിഞ്ഞ വർഷം ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും ലിംഗമാറ്റ ശസ്ത്രക്രിയയും പൂർത്തിയാക്കി. നിലവിൽ യുകെയിലാണ് താമസിക്കുന്നത്. ഐസിസിയുടെയും ബിസിസിഐയുടെയും വിഷയത്തിലെ നിലപാട് ഉറ്റുനോക്കുകയാണ് ലോകം.