ടി പി വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയത് വാരിക്കോരി…വിവരങ്ങൾ നിയമസഭയിൽ വെളിപ്പെടുത്തി മുഖ്യമന്ത്രി….

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ ലഭിച്ചതിൻ്റെ വിവരങ്ങൾ നിയമസഭയിൽ വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളിൽ മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികമാണ് പരോൾ ലഭിച്ചത്. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ ഇതുവരെ കൊലയാളി സംഘത്തിന് പരോൾ വാരിക്കോരി നൽകിയതിൻ്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ടി പി കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നൽകിയത്. കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സജിത്ത് എന്നിവർക്കാണ് ആയിരം ദിവസത്തിലധികം പരോൾ ലഭിച്ചത്. കെ സി രാമചന്ദ്രന് 1081, ട്രൗസർ മനോജ് 1068, സജിത്ത് 1078 എന്നിങ്ങനെയാണ് പരോൾ അനുവദിക്കപ്പെട്ട ദിവസങ്ങളുടെ കണക്ക്.

ടി കെ രാജീഷ് 940, മുഹമ്മദ് ഷാഫി 656, ഷിനോജ് 925റഫീഖ് 782, കിർമാണി മനോജ് 851, എം സി അനൂപ് 900 എന്നിങ്ങനെയാണ് മറ്റ് പ്രതികൾക്ക് പരോൾ ലഭിച്ച ദിവസങ്ങളുടെ കണക്ക്. ടി പി വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിയ്ക്ക് വെറും 60 ദിവസം മാത്രമാണ് പരോൾ അനുവദിക്കപ്പെട്ടത്. എമർജൻസി ലീവ്, ഓർഡിനറി ലീവ്, കോവിഡ് സ്‌പെഷ്യൽ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്.

Related Articles

Back to top button