അങ്ങനെ ഒരു ഓണക്കാലത്തിന് കൂടി വിട…ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലിയിറങ്ങും….
ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലിയിറങ്ങും. എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങി നിൽക്കുന്നത്. പ്രായഭേദമെന്യേ അനവധി പേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശം ഇന്ന് പ്രത്യക ഒരു പുലിയെക്കൂടി പുലികളിക്കിറക്കുന്നുണ്ട്. കൂടാതെ അയ്യന്തോൾ ദേശത്ത് നിന്നും ഇത്തവണ കുടകളുമായി പുലികളിറങ്ങും. നാലരയോടെ ആണ് ഫ്ലാഗ് ഓഫ്. 9 സംഘങ്ങളാണ് ഇക്കുറി പുലിക്കളിക്ക് ഉള്ളത്.
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം , വിയ്യൂർ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നിങ്ങനെ 9 പുലിമടകളിൽ എണ്ണം പറഞ്ഞ പുലികളാണ് തയ്യാറെടുക്കുന്നത്. കാലേക്കൂട്ടി തന്നെ മുഖമെഴുത്തും മറ്റു ചമയങ്ങളും പൂർത്തിയാക്കിയാണ് വയറന്മാരെ ബുക്ക് ചെയ്തത് . 5000 മുതൽ ₹50,000 വരെയാണ് ലക്ഷണമൊത്ത വയറുകൾക്ക് ഇത്തവണത്തെ മോഹവില. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മുതൽ സംഘങ്ങൾ ചായം അരക്കൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ പുലികൾ മടകളിൽ നിന്ന് തയ്യാറെടുക്കും. ഉച്ചയോടെ മെയ്യെഴുത്ത് പൂർത്തിയായത്.