കൊടുവള്ളിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവം…

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മുസ്ലിം ലീഗില്‍ ചര്‍ച്ചകള്‍ സജീവം. സിറ്റിങ് എംഎല്‍എ എം കെ മുനീര്‍ ഇക്കുറി മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പായതോടെയാണ് മറ്റ് പേരുകളിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയത്.
വി എം ഉമ്മര്‍ മാസ്റ്റര്‍, എ എ റസാഖ് മാസ്റ്റര്‍, സൈനുല്‍ ആബീദീന് തങ്ങള്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇപ്പോള്‍ സജീവമായിട്ടുള്ളത്. പ്രാദേശികമായി സജീവമായിട്ടുള്ള നേതാക്കളെ ഇക്കുറി മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന് കൊടുവള്ളിയിലെ നിരവധി പാര്‍ട്ടി ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പി കെ ഫിറോസിന്റെ പേരും മണ്ഡലത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ജില്ലയില്‍ യുഡിഎഫിന്റെ, അതായത് മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നായിട്ടാണ് കൊടുവള്ളി വിലയിരുത്തപ്പെടുന്നത്. 1977 മുതല്‍ നടന്ന 11 തെരഞ്ഞെടുപ്പുകളില്‍ 9 തവണയും കൊടുവള്ളിയില്‍ മത്സരിച്ച് വിജയിച്ചത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളാണ്. 2006 ലും 2016 ലും മാത്രാണ് ഇടതുമുന്നണിക്ക് മണ്ഡലത്തില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിച്ചത്. രണ്ട് തവണയും മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് മുന്നണി മാറിയെത്തിയവരെ സ്ഥാനാര്‍ത്ഥികളാക്കിയായിരുന്നു ഇടതിന്റെ വിജയം.



