കെപിസിസി അധ്യക്ഷനെ മാറ്റുന്നതിൽ അനിശ്ചിതത്വം..ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി.. ദീപാ ദാസ് മുൻഷിക്കെതിരെ പരാതി..
കെപിസിസി അധ്യക്ഷപദവിയിൽ നിന്ന് കെ.സുധാകരനെ മാറ്റുന്നതിനെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. തർക്കങ്ങളിൽ യുഡിഎഫ് ഘടക കക്ഷികൾക്ക് അതൃപ്‌തിയുണ്ട്. കേരളത്തിലെ സംഘടന പ്രതിസന്ധിയിൽ കടുത്ത അതൃപ്തിയിലാണ് രാഹുൽ ഗാന്ധി. കെസി വേണുഗോപാലക്കമുള്ള നേതാക്കൾ പ്രതിരോധത്തിലായതോടെയാണ് ചര്‍ച്ചകളിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടത്. അധ്യക്ഷനെ മാറ്റാനുള്ള തീരുമാനത്തിൽ ലീഗടക്കമുള്ള ഘടകക്ഷികള്‍ അതൃപ്തിയിലാണ്.
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ജാഗ്രത കാട്ടിയില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കെപിസിസി അധ്യക്ഷനെ മാറ്റാനുള്ള തീരുമാനത്തിൽ ദീപ ദാസ് മുൻഷി ഏകപക്ഷീയമായി പെരുമാറിയെന്ന പരാതിയും ഹൈക്കമാൻഡിന് മുന്നിലുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആന്‍റോ ആന്‍റണിയെയും സണ്ണി ജോസഫിനെയും പരിഗണിക്കാനുള്ള നീക്കത്തിൽ തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും കുറഞ്ഞു.
രണ്ട് പേരും കെപിസിസി അധ്യക്ഷ പദവിക്ക് യോഗ്യരല്ലെന്ന് മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള ശേഷി ഇരുവർക്കുമില്ലെന്നും നേതാക്കൾ അറിയിച്ചതായാണ് വിവരം. കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തുടർ ചർച്ചയിലും ക്രൈസ്തവ പ്രാതിനിധ്യം തന്നെയാകും മാനദണ്ഡമെന്നാണ് സൂചന. ഇതിനിടെ ദീപ ദാസ് മുൻഷിക്കെതിരെ കെ സുധാകര പക്ഷം രംഗത്തെത്തി. സംഘടന കാര്യങ്ങളിൽ വസ്തുത വിരുദ്ധ റിപ്പോർട്ട് നൽകുന്നതായാണ് കെ സുധകര പക്ഷത്തിന്‍റെ പരാതി.
ഇതിനിടെ, കെപിസിസി അധ്യക്ഷ ചർച്ചയിൽ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി സഭാപത്രം ദീപിക രംഗത്തെത്തി. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകളാണ് ദീപികയുടെ മുഖപ്രസംഗം തള്ളിയത്. ഇതിനിടെ, കെ.സുധാകരന് വേണ്ടി ഇന്ന് കോട്ടയത്തും കണ്ണൂരിലും വ്യാപകമായി ഫ്ലക്സുകൾ ഉയർന്നു.
പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് കോണ്‍ഗ്രസിലെ തമ്മിലടി യുഡിഎഫിനാകെ മങ്ങലേല്‍പ്പിക്കുമെന്നാണ് ഘടകകക്ഷികളുടെ ആശങ്ക. മുസ്ലിം ലീഗും ആര്‍എസ്പിയും കേരള കോണ്‍ഗ്രസുമെല്ലാം ചര്‍ച്ചകളിലെ അനിശ്ചിതത്വമുണ്ടാക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ അതൃപ്തരാണ്. നേരത്തെയും കോണ്‍ഗ്രസിലെ നേതൃതിരയിലെ ഐക്യമില്ലായ്മയില്‍ ലീഗ് ഉള്‍പ്പടെ എഐസിസിയെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്തുകോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതും പാര്‍ട്ടിയില്‍ ഭിന്നിപ്പ് കൂട്ടിയിട്ടുണ്ട്. ചര്‍ച്ചകള്‍ നീണ്ടുപോകുന്നതില്‍ ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസിലും അതൃപ്തിയുണ്ട്
അതേസമയം, കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ബെന്നി ബെഹ്നാൻ എംപി പാലക്കാട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് ആരായാലും ഹൈക്കമാൻഡ് തീരുമാനിക്കും. സഭയല്ല കോൺഗ്രസിന്‍റെ അധ്യക്ഷനെ തീരുമാനിക്കുന്നത്. കോൺഗ്രസ് മതേതര പാർട്ടിയാണ്.മതം നോക്കിയല്ല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പ്രസിഡന്‍റിനെ മാറ്റാനോ, പുതിയ ആളെ നിശ്ചയിക്കാനോ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടില്ല.അനാവശ്യ ചർച്ചകൾ പ്രവർത്തകർ വിശ്വസിക്കരുതെന്നാണ് അഭ്യർഥന. പദവിയല്ല എപ്പോഴും പാർട്ടിക്ക് വിധേയനായി തുടരാനാണ് വ്യക്തിപരമായി താൻ ആഗ്രഹിക്കുന്നതെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു.