കൂട്ട രാജിക്കൊരുങ്ങി കോൺഗ്രസ് നേതാക്കൾ…
കണ്ണൂരിൽ കൂട്ട രാജിക്കൊരുങ്ങി കോൺഗ്രസ് നേതാക്കൾ. എം കെ രാഘവൻ എംപിയെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തടഞ്ഞതിനെ തുടർന്ന് സ്വീകരിച്ച അച്ചടക്ക നടപടിയെ തുടർന്നാണ് കണ്ണൂർ കോൺഗ്രസിലെ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കല്യാശ്ശേരി-പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് തീരുമാനം. ഇതോടൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കളും രാജിവെക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മാടായി കോളേജിൽ എംകെ രാഘവൻ എം പി കോഴ വാങ്ങി നിയമനം നടത്തിയെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ എംപിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധവും നടത്തി. പ്രതിഷേധത്തെ തുടർന്ന് നാല് പ്രാദേശിക കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷൻ പിൻവലിക്കാൻ ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു. തീരുമാനം നടപ്പിലാവാതെ വന്നതോടെയാണ് പ്രവർത്തകർ കൂട്ടരാജിക്കൊരുങ്ങുന്നത്.