ചെട്ടികുളങ്ങരയിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫ്, പിടിച്ചെടുക്കാൻ ബി.ജെ.പി, നില മെച്ചപ്പെടുത്താൻ യു.ഡി.എഫ്

മാവേലിക്കര- ചെട്ടികുളങ്ങരയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചെട്ടികുളങ്ങരയിൽ ഭരണം നിലനിർത്താനുള്ള പോരാട്ടമാണ് എൽ.ഡി.എഫ് കാഴ്ചവെക്കുന്നത്. എന്നാൽ ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഒരുകാലത്ത് പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് നിലവിലെ ഏക അംഗമെന്ന അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്.
സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ആരും തന്നെ ഇത്തവണ മത്സരരംഗത്തില്ല. 2 മുൻ പഞ്ചായത്ത് അംഗങ്ങൾ മത്സരിക്കുന്നുണ്ട്. ബി.ജെ.പിയിൽ നിലവിലുള്ള അംഗങ്ങളിൽ 3 പേരെ വീണ്ടും മത്സരിപ്പിക്കുന്നുണ്ട്. ഒരു മുൻ പഞ്ചായത്ത് അംഗവും സ്ഥാനാർത്ഥിയാണ്. കോൺഗ്രസിലെ ഏക പഞ്ചായത്ത് അംഗം ഇത്തവണ മത്സര രംഗത്തില്ല. എന്നാൽ മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മത്സരരംഗത്തുണ്ട്. ബി.ജെ.പിയും കോൺഗ്രസും വിമത ഭീഷണി നേരിടുന്നുണ്ട്. നിലവിൽ 22 വാർഡുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിൽ സി.പി.എം 19 സീറ്റിലും, സി.പി.ഐ 3 സീറ്റിലുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയിൽ ബി.ജെ.പിയും യു.ഡി.എഫിൽ കോൺഗ്രസുമാണ് 22 സീറ്റുകളിലും മത്സരിക്കുന്നത്.
എൽ.ഡി.എഫ് 12-14 സീറ്റുകൾ വരെ നേടി ഭരണം നിലനിർത്തുമെന്നാണ് അവകാശപ്പെടുന്നത്. സിറ്റിംഗ് സീറ്റുകളിലെല്ലാം വിജയം ഉറപ്പാണെന്നാണ് സി.പി.എം അവകാശവാദം. വാർഡ് 1, 17, 22 എന്നീ സീറ്റുകളിൽ വിജയം ഉറപ്പിച്ചുള്ള മുന്നേറ്റമാണ് യു.ഡി.എഫ് നടത്തന്നത്. 6, 18 വാർഡുകളിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്. 3, 5, 6, 11, 15, 16, 19, 20 എന്നീ 8 വാർഡുകളിൽ വിജയം ഉറപ്പിച്ചുവെന്നാണ് ബി.ജെ.പി അവകാശപ്പടുന്നത്. 8, 17, 20, 21 വാർഡുകളിലും വിജയിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു. 10-13 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
നിലവിലെ കക്ഷിനില
21 വാർഡുകൾ
സി.പി.എം-14
ബി.ജെ.പി-6
കോൺഗ്രസ്-1




