എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

ഇടതുമുന്നണിയുടെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ ഇന്നു തുടക്കം. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജാഥ നയിക്കുന്നത്.
ഇടതുമുന്നണിയുടെ, സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് ജാഥകളിൽ ആദ്യത്തേതാണിത്. എൽഡിഎഫ് സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സ്വീകരണ കേന്ദ്രങ്ങളിൽ വിശദീകരിക്കും. എൽഡിഎഫ് സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കേരളം കൈവരിച്ച കുതിപ്പ് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യം. ഇതുവഴി എൽഡിഎഫിന് ഭരണത്തുടർച്ചയും ലക്ഷ്യമിടുന്നു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വടക്കൻ മേഖലാ ജാഥ പര്യടനം നടത്തുക. ജാഥയുടെ സമാപനം 16ന് പാലക്കാട് തരൂരിൽ നടക്കും. സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പി സന്തോഷ്കുമാര്‍ എംപിയാണ് ജാഥാ മാനേജര്‍.



