എൽഡിഎഫ് വ്യക്തിഹത്യ നടത്തുന്നു… വർഗീയ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഫാത്തിമ തെഹലിയ

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ എൽഡിഎഫ് ബോധപൂർവ്വം വ്യക്തിഹത്യയും വർഗീയ പ്രചാരണവും നടത്തുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയത് മുതൽ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്നും അവർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

പേരാമ്പ്രയിലെ വികസന മുരടിപ്പിനെക്കുറിച്ച് സംസാരിക്കുന്നത് തടയാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഇതിനായി മനപൂർവ്വം വ്യക്തിഹത്യ നടത്തുകയും സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുകയും ചെയ്യുന്നു. മതധ്രുവീകരണത്തിനുള്ള നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും അവർ പറഞ്ഞു. മണ്ഡലത്തിൽ നടന്ന വിവാദ അനൗൺസ്‌മെന്റ് എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. എന്നാൽ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തെഹലിയ വ്യക്തമാക്കി.

വെൽഫെയർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചു തന്റെ തിരഞ്ഞെടുപ്പ് പരിപാടികൾ തീരുമാനിക്കുന്നത് പാർട്ടിയും കമ്മിറ്റിയുമാണ്. അവരുടെ നിർദ്ദേശമനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. വ്യക്തിപരമായി തനിക്ക് യാതൊരു ക്ഷണവും ലഭിച്ചിട്ടില്ല. ക്ഷണം ലഭിക്കുന്നത് പാർട്ടിക്കോ കമ്മിറ്റിക്കോ ആണ്. തന്നെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം നടക്കുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണ ആർക്കെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണെന്നും തെഹലിയ കൂട്ടിച്ചേർത്തു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും അത്തരം നീക്കങ്ങളെ പേരാമ്പ്രയിലെ ജനങ്ങൾ ഓഡിറ്റ് ചെയ്യുമെന്നും ഫാത്തിമ തെഹലിയ പറഞ്ഞു.

Related Articles

Back to top button