പ്രണത ഷാജിയും ഗ്രേസി ജോസഫും.. ഇടതു പാളയത്തിൽ നിന്ന് കൊച്ചിയെ നയിക്കാൻ എത്തുന്നത് 70 സ്ഥാനാർത്ഥികൾ…

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ 70 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പൂണിത്തുറ, മട്ടാഞ്ചേരി, കടവന്ത്ര, ഗിരിനഗര്‍, പെരുമാനൂര്‍, പനമ്പിള്ളിനഗര്‍ എന്ന ആറു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍, മേയര്‍ എം അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടത്. 58 സീറ്റുകളിൽ സിപിഐ എം മത്സരിക്കും. 6 സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺ​ഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കും. ജനതാദൾ എസ് 2 ഡിവിഷനുകളിലും മത്സരിക്കുമെന്ന് എസ് സതീഷ് പറഞ്ഞു.

കതൃക്കടവ് ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഗ്രേസി ജോസഫ് മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ്. എറണാകുളം സെന്‍ട്രലില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിയമവിദ്യാര്‍ത്ഥിനിയുമായ ഭാഗ്യലക്ഷ്മി എന്‍എസും, എറണാകുളം നോര്‍ത്തില്‍ നിന്നും, മുമ്പ് നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാജി ജോര്‍ജ് പ്രണതയും ജനവിധി തേടുന്നു.

2020ലേക്കാള്‍ മികച്ച വിജയം നേടുക ലക്ഷ്യമിട്ടാണ് ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് എല്ലാവിധത്തിലും എല്‍ഡിഎഫ് സജ്ജമായിക്കഴിഞ്ഞു. നല്ല ഐക്യത്തോടെ താഴേത്തട്ടു മുതല്‍ കോര്‍പ്പറേഷന്റെ എല്ലാ ഡിവിഷനുകളിലും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി സിപിഎം ജില്ലാ സെക്രട്ടറി സതീഷ് പറഞ്ഞു.

Related Articles

Back to top button