എന്താണ് ആധാർ, ഇ ആധാർ, എം ആധാർ? എങ്ങനെ അപേക്ഷിക്കാം, തിരുത്താം, എഡിറ്റ് ചെയ്യാം…
എന്താണ് ആധാർ ?
കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളുടെയും സബ്‌സിഡികളുടെയും വിതരണം കാര്യക്ഷമമാക്കുന്നതിനും ഏകീകരിക്കുന്നതിനും വേണ്ടി വികസിപ്പിച്ചെടുത്ത പദ്ധതിയാണ് യുഐഡിഎഐ ആധാർ കാർഡുകൾ. യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്നതാണ് ഇതിന്റെ പൂർണ രൂപം. 2016 ലാണ് ഇന്ത്യയിൽ ആദ്യമായി ആധാർ അവതരിപ്പിച്ചത്. വ്യക്തിത്വവും വിലാസവും തിരിച്ചറിയുന്നതിനും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുമെല്ലാം ഇന്ന് ആധാർ കാർഡ് ഒരു അനിവാര്യ രേഖയാണ്.
ആധാർ വിവരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം ?
കേന്ദ്രസർക്കാർ നൽകുന്ന ഔദ്യോദിക രേഖയായതിനാൽത്തന്നെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, വായ്പകൾക്ക് അപേക്ഷിക്കുന്നതിനും, സർക്കാർ സബ്സിഡികൾക്കും തുടങ്ങിയ ആവശ്യങ്ങൾക്ക് ഇത് മേൽവിലാസവും വ്യക്തിത്വവും തെളിയിക്കുന്ന രേഖയായി ഉപയോഗപ്പെടുത്താവുന്നതാണ്.
നിലവിൽ യാതൊരു നിരക്കും ഈടാക്കാതെ ആധാർ കാർഡിന് അപേക്ഷിക്കാൻ 2025 ജൂൺ 14 വരെ അപേക്ഷിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ ഐഡൻ്റിറ്റി പ്രൂഫ് (PoI), അഡ്രസ് പ്രൂഫ് (PoA) തുടങ്ങിയ അവശ്യ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
ആധാർ കാർഡിൽ ഉൾക്കൊള്ളുന്ന വിവരങ്ങൾ എന്തൊക്കെ ?
ജനസംഖ്യാപരമായ വിവരങ്ങൾ
A. പേര്
B. ജനനത്തീയതി/പ്രായം
C. വിലാസം
D. EID എൻറോൾമെൻ്റ് നമ്പർ
E. ബാർകോഡ്
ബയോമെട്രിക് വിവരങ്ങൾ
A. ഫോട്ടോ
B. ഐറിസ് സ്കാൻ (രണ്ടു കണ്ണുകളുടെയും)
C. ഫിംഗർപ്രിന്റ് (പത്ത് വിരലുകൾ)
ആധാർ എൻറോൾമെൻ്റ് സെൻ്ററുകൾ എന്നാൽ എന്ത് ? : ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനോ മറ്റെന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാനോ യുഐഡിഎഐ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇതിനു പുറമേ പ്രാദേശിക തലത്തിലുള്ള എൻറോൾമെൻ്റ് സെൻ്ററുകൾ നിലവിലുണ്ട്. നിങ്ങളുടെ സംസ്ഥാനവും നഗരവും തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള എൻറോൾമെൻ്റ് സെന്ററുകള്‍ കണ്ടെത്താവുന്നതാണ്.
ആധാർ വിവരങ്ങൾ ഓണ്‍ലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?
നിങ്ങളുടെ നിലവിലുള്ള ആധാർ കാർഡ് വിവരങ്ങളിൽ പിശകുകൾ ഉണ്ടെങ്കിലോ അപ്ഡേറ്റുകൾ ഉണ്ടെങ്കിലോ അത് ഓൺലൈനായി തിരുത്താൻ സാധിക്കും. യുഐഡിഎഐയുടെ വെബ്സൈറ്റ് സന്ദർശിച്ച് തിരുത്തലുകൾക്ക് അപേക്ഷിക്കാം. ജനസംഖ്യാപരമായ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ഉൾപ്പെടെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം ?
പിഎഫ് ഉൾപ്പെടെയുള്ള സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യാനായി നിലവിൽ ആധാറുമായി ബന്ധിപ്പിച്ചുള്ള ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ആവശ്യമാണ്. പ്രധാനപ്പെട്ട പല സാഹചര്യങ്ങളിലും ഒ ടി പി വരുന്നത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്കായിരിക്കും. അതു കൊണ്ട് തന്നെ നിങ്ങളുടെ മൊബൈൽ നമ്പറും ആധാർ കാർഡും ബന്ധിപ്പിച്ചിരിക്കണം. ഇതിനായി ഒരു ആധാർ സേവന കേന്ദ്രം സന്ദർശിച്ച് മൊബൈൽ നമ്പർ ചേർക്കാനുള്ള അപേക്ഷ നൽകുകയും വേണം.
ഇ- ആധാർ എന്നാൽ എന്ത് ?
നിങ്ങളുടെ ആധാർ കാർഡിൻ്റെ ഒരു ഇലക്ട്രോണിക് പകർപ്പ് അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയാണ് ഇ-ആധാർ. ആധാറിന്റെ ഫിസിക്കൽ കോപ്പിക്ക് പകരം ഇത് ഉപയോഗിക്കാവുന്നതാണ്.സാർവത്രികമായി അംഗീകരിക്കപ്പെട്ട ഈ സംവിധാനം യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം. പാസ്വേർഡ് പ്രൊട്ടക്റ്റഡ് പിഡിഎഫ് ഫോർമാറ്റിലാണ് ഈ സംവിധാനം ഉണ്ടാകുക. നിങ്ങളുടെ ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം ഉൾക്കൊള്ളുന്ന അത്യാവശ്യ വിവരങ്ങൾ മാത്രമുള്ള മാസ്ക് ചെയ്ത ആധാർ കാർഡും ഡൗൺലോഡ് ചെയ്യാനാകും.
എം ആധാർ എന്നാൽ എന്ത് ?
ആധാർ കാർഡിന്റെ അനുബന്ധ സേവനങ്ങൾ എല്ലാവർക്കും എല്ലാ സമയത്തും ആക്സസ് ചെയ്യാനായി ആൻഡ്രോയ്ഡ് ഫോണിൽ ലഭിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനാണ് mAadhaar. ഉപയോക്താവിൻ്റെ ആധാർ വിവരങ്ങൾ ഒരു ഡിജിറ്റൈസ്ഡ് ഫോമിലാണ് എംആധാറിൽ നൽകിയിരിക്കുന്നത്. എവിടെ നിന്നും ഓപ്പറേറ്റ് ചെയ്യാനാകുന്ന ഈ ആപ്പിൽ ഉപയോക്താക്കൾക്ക് 3 പ്രൊഫൈലുകൾ വരെ
ഉപയോഗിക്കാൻ സാധിക്കും. ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനും ആധാറിനായി ഇ-കെവൈസി ആക്‌സസ് ചെയ്യാനും എംആധാറിലൂടെ കഴിയും.
ആധാറുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എന്തൊക്കെ ?
ആധാർ ഇഷ്യൂയിംഗ് അതോറിറ്റി- യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)
പ്രധാന വ്യക്തികൾ- നീലകണ്ഠ് മിശ്ര, യുഐഡിഎഐ ചെയർമാൻ
അമിത് അഗർവാൾ, യുഐഡിഎഐ സിഇഒ
ആധാർ കസ്റ്റമർ കെയർ നമ്പർ- 1947
ആധാർ കാർഡ് ആരംഭിച്ച വർഷം- സെപ്റ്റംബർ 2010
ആധാർ കാർഡിൻ്റെ സാധുത- ജീവിതകാലം മുഴുവൻ
എൻറോൾമെൻ്റ് സെൻ്ററുകളുടെ എണ്ണം- 30,000-ത്തിലധികം
എൻറോൾമെൻ്റുകളുടെ എണ്ണം- 138 കോടി (ഏകദേശം)
ആധാർ കാർഡിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ എന്തൊക്കെ ?
1. ഇന്ത്യക്കാരായ എല്ലാവർക്കും സാർവത്രികമായ ഒരു ഔദ്യോഗിക രേഖയായി വർത്തിക്കുന്ന 12 അക്ക നമ്പറാണ് ആധാർ നമ്പർ.
2. സർക്കാർ ആനുകൂല്യങ്ങളുടെയും സബ്സിഡികളുടെയും കൃത്യമായ വിതരണം നടപ്പിലാക്കാൻ ഇത് സഹായിക്കുന്നു. ആധാർ കാർഡ് ഈ സംവിധാനങ്ങളിൽ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതു വഴി അർഹതപ്പെട്ടവരിലേക്ക് മാത്രം സഹായങ്ങളും സേവനങ്ങളുമെത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നു.
3. പാർശ്വവൽക്കരിക്കപ്പെട്ടതും ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവരുമായ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനും ആധാർ പ്രയോജനപ്രദമാണ്.
4. നികുതിദായകർ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. ഇത് നികുതി ഫയൽ ചെയ്യുന്ന സമയത്തെ പ്രക്രിയയും ലളിതമാക്കുന്നു.
5. മൊബൈൽ കണക്ഷനുകൾ, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയവയക്ക് ഡിജിറ്റൽ ഓതന്റിക്കേഷൻ സാധ്യമാക്കുന്നു.
6. കൃത്യമായ ജനസംഖ്യാപരമായ വിവരങ്ങൾ നൽകുന്നതോടൊപ്പം ഡാറ്റാ അധിഷ്ഠിത നയങ്ങളുടെ വിപുലീകരിക്കാനും സഹായകമാകുന്നു.
ഇന്ത്യയിലുള്ളവർക്ക് കാർഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ?
ഇന്ത്യയിലെ ഏതൊരു പൗരനും ആധാർ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. നിലവിൽ, ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ചട്ടം അനുസരിച്ച് നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധിതമാക്കിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് ആധാർ വേണോ ?
പ്രായപൂർത്തിയാകാത്ത 18 വയസ്സിന് താഴെയുള്ള ഇന്ത്യൻ പൗരന്മാർക്കും ആധാറിനായി അപേക്ഷിക്കാം. കുട്ടിയുടെ മാതാപിതാക്കളുടെ വ്യക്തിത്വവും വിലാസം തെളിയിക്കുന്ന രേഖയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിനായി നൽകണം. നവജാത ശിശുക്കൾക്കും ആധാറിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ 5 വയസ്, 15 വയസ് തുടങ്ങിയ കാലങ്ങളിൽ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ള എൻആർഐകൾക്കും ആധാർ കാർഡിനായി അപേക്ഷിക്കാവുന്നതാണ്.
ആധാർ കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെ ?
ആധാർ കാർഡ് എൻറോൾമെൻ്റ് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ കയ്യിൽ ചുവടെക്കൊടുത്തിരിക്കുന്ന രേഖകൾ ഉണ്ടെന്ന് ഉറപ്പു വരുത്തിയിരിക്കണം. ഇതിനായി നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പ്രായം തെളിയിക്കുന്ന രേഖകൾ, ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവ ആവശ്യമാണ്. ഇതിനായി നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ഡോക്യുമെന്റുകളുടെ ലിസ്റ്റ് ചുവടെക്കൊടുക്കുന്നു.
വ്യക്തിത്വം തെളിയിക്കുന്നതിനായി ഉപയോഗിക്കാവുന്ന രേഖകൾ എന്തൊക്കെ ?
1. പാസ്പോർട്ട്
2. എൻആർഇജിഎ (NREGA) ജോബ് കാർഡ്
3. കിസാൻ ഫോട്ടോ പാസ്ബുക്ക്
4. പെൻഷൻ ഉള്ളവരുടെ ഫോട്ടോ ഐഡി കാർഡ്
5. റേഷൻ കാർഡ്
6. ഇസിഎച്ച്എസ്/സിജിഎച്ച്എസ് ഫോട്ടോ കാർഡ്
7. വോട്ടർ ഐഡി കാർഡ്
8. സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
9. തപാൽ വകുപ്പ് നൽകുന്ന പേരും ചിത്രവും അടങ്ങുന്ന അഡ്രസ് കാർഡ്
10. പാൻ കാർഡ്
വിലാസം തെളിയിക്കുന്നതിനായി ഉപയോഗിക്കാവുന്നന്ന രേഖകൾ എന്തൊക്കെ ?
1. ബാങ്ക് സ്റ്റേറ്റ്മെൻ്റ്
2. ബാങ്കിന്റെ ലെറ്റർഹെഡിൽ ഫോട്ടോയടക്കമുള്ള ഒപ്പിട്ട കത്ത്
3. സർക്കാർ ഫോട്ടോ ഐഡി കാർഡ്, പൊതുമേഖലാ സ്ഥാപനത്തിൽ നിന്നുള്ള സർവ്വീസ് ഫോട്ടോഐഡി കാർഡ്
4. തപാൽ വകുപ്പ് നൽകുന്ന ഫോട്ടോ പതിച്ച അഡ്രസ് കാർഡ്
5. ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലെറ്റർഹെഡിൽ നൽകുന്ന ഫോട്ടോ സഹിതമുള്ള ഒപ്പിട്ട കത്ത്
6. വസ്തു നികുതി രസീത് (ഒരു വർഷത്തിൽ കൂടുതൽ പഴയതായിരിക്കരുത്)
7. ഗ്യാസ് കണക്ഷൻ ബിൽ (മൂന്ന് മാസത്തിൽ കൂടുതൽ പഴയതായിരിക്കരുത്)
8. പാസ്ബുക്ക്
9. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
10. റേഷൻ കാർഡ്
11. പാസ്പോർട്ട്
പ്രായം തെളിയിക്കുന്നതിനായി ഉപയോഗിക്കാവുന്നന്ന രേഖകൾ എന്തൊക്കെ ?
1. പാസ്പോർട്ട്
2. പാൻ കാർഡ്
3. സർക്കാർ സർവകലാശാല/ ബോർഡ് നൽകുന്ന മാർക്ക് ഷീറ്റ്
4. എസ്എസ്സി സർട്ടിഫിക്കറ്റ്
5. സംസ്ഥാന/കേന്ദ്ര പെൻഷൻ പേയ്മെൻ്റ് ഓർഡർ
6. ജനന സർട്ടിഫിക്കറ്റ്
7. ഒരു ലെറ്റർഹെഡിൽ ഒരു ഗസറ്റഡ് ഓഫീസർ ഗ്രൂപ്പ് നൽകിയ ജനനത്തീയതിയുടെ സർട്ടിഫിക്കറ്റ്
കുടുംബനാഥനുമായുള്ള ബന്ധം തെളിയിക്കുന്നതിനായി ഉപയോഗിക്കാവുന്ന രേഖകൾ എന്തൊക്കെ ?
1. പിഡിഎസ് കാർഡ്
2. കേന്ദ്ര/സംസ്ഥാന സർക്കാർ നൽകുന്ന കുടുംബ അവകാശ രേഖ
3. എംഎൻആർഇജിഎയുടെ ജോബ് കാർഡ്
4. ജനന രജിസ്ട്രാർ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ പ്രാദേശിക സർക്കാർ നൽകുന്ന ജനന സർട്ടിഫിക്കറ്റ്
5. പാസ്പോർട്ട്
ആധാറിനായി എങ്ങനെ എൻറോൾ ചെയ്യാം?
ഏതെങ്കിലും അംഗീകൃത ആധാർ എൻറോൾമെൻ്റ് സെൻ്റർ/പെർമനൻ്റ് എൻറോൾമെൻ്റ് സെൻ്ററിൽ നിന്ന് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. യുഐഡിഎഐ വെബ്സൈറ്റിൽ നിലവിലുള്ള ആധാർ എൻറോൾമെൻ്റ് സെൻ്ററുകളുടെ അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് നൽകിയിട്ടുണ്ട്.
ഇത് കൂടാതെ എൻറോൾമെൻ്റ് പ്രക്രിയ ലളിതവും ഫലപ്രദവുമാക്കുന്നതിനായി 10,000 പോസ്റ്റ് ഓഫീസുകൾക്കും ബാങ്ക് ശാഖകൾക്കും പെർമനൻ്റ് എൻറോൾമെൻ്റ് സെൻ്ററുകളായി പ്രവർത്തിക്കാനുള്ള അനുമതി
യുഐഡിഎഐ നൽകിയിട്ടുണ്ട്.
ആധാർ എൻറോൾമെൻ്റ് – ചെയ്യേണ്ടതെങ്ങനെ ?
1. ആധാർ എൻറോൾമെൻ്റ് സെൻ്ററുകൾ കണ്ടെത്താൻ ആധാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ഫോം പൂരിപ്പിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
3. ആവശ്യമായ രേഖകൾ സമർപ്പിക്കുക.
4. അപേക്ഷകന്റെ ബയോമെട്രിക്സ് വിവരങ്ങൾ (വിരലടയാളവും ഐറിസ് സ്കാനും) നൽകേണ്ടതുണ്ട്.
5. എൻറോൾമെൻ്റ് അക്നോളജ്മെൻ്റ് സ്ലിപ്പ് കൈപ്പറ്റുക.
6. രജിസ്റ്റർ ചെയ്ത വിലാസത്തിൽ അപേക്ഷകന് അവരുടെ ആധാർ കാർഡ് ലഭിക്കും.
7. സൗജന്യമായി നൽകുന്ന സേവനമാണ് ആധാർ എൻറോൾമെൻ്റ്.
ബാൽ ആധാറിനായി എൻറോൾ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ :
1. ഏറ്റവും അടുത്തുള്ള എൻറോൾമെൻ്റ് സെൻ്റർ UIDAI വെബ്സൈറ്റിൽ നിന്ന് കണ്ടെത്തുക.
2. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൻ്റെ പകർപ്പുമായി എൻറോൾമെൻ്റ് സെൻ്റർ സന്ദർശിക്കുക.
3. ഓതന്റിക്കേഷനായി കുട്ടിയുടെ മാതാപിതാക്കളിൽ ഒരാളുടെ ആധാർ നമ്പർ നിർബന്ധമായും നൽകണം. കൂടാതെ ബാൽ ആധാർ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
4. ബാൽ ആധാർ അപേക്ഷാ ഫോമിൽ പ്രസക്ത വിവരങ്ങളും ബാൽ ആധാറുമായി ബന്ധിപ്പിക്കുന്ന ഫോൺ നമ്പർ ഉൾപ്പെടെ നൽകിയിരിക്കണം.
5. കുട്ടിയുടെ ഫോട്ടോ നൽകണം. 5 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ ഇപ്പോൾ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തേണ്ടതില്ല.
6. ഇത്രയും ഘട്ടങ്ങൾ പൂർത്തീകരിച്ച ശേഷം ലഭിക്കുന്ന അക്നോളജ്മെൻ്റ് സ്ലിപ്പ് സൂക്ഷിച്ചു വയ്ക്കുക. നിങ്ങൾ നൽകിയ വിലാസത്തിലേക്ക് ബാൽ ആധാർ തപാൽ വഴി വരും.
ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
എൻറോൾമെൻ്റ് സെൻ്റർ വഴിയോ ഓൺലൈൻ ആയോ ആധാർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ആധാർ അപ്‌ഡേറ്റ് ചെയ്യുന്നത് രണ്ട് തരത്തിലുള്ള വിവരങ്ങൾ ആയിട്ടാണ്.
1. പേര്, വയസ്സ്, ജനനത്തീയതി, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ, തുടങ്ങിയ വിശദാംശങ്ങൾ അപേഡേറ്റ് ചെയ്യുന്നത്.
2. ഐറിസ്, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.
അപേക്ഷകർക്ക് ഓൺലൈൻ ആയി വിലാസം അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. അതേസമയം മറ്റുള്ള ഡെമോഗ്രാഫിക് ഡാറ്റയും ബയോമെട്രിക് ഡാറ്റയും എൻറോൾമെൻ്റ് സെൻ്റർ സന്ദർശിച്ച് മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ.
ഒരു രേഖകളും ഇല്ലാതെ ആധാറിന് എങ്ങനെ അപേക്ഷിക്കാം?
ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ പക്കൽ അനുബന്ധ രേഖകൾ ഇല്ലെങ്കിൽക്കൂടിയും യുഐഡിഎഐയുടെ ആധാർ എൻറോൾമെൻ്റ് ഫോം അനുസരിച്ച് ആധാറിന് അപേക്ഷിക്കാനാകും. ഇതിനായുള്ള രണ്ട് വ്യത്യസ്ത രീതികൾ ചുവടെ സൂചിപ്പിച്ചിരിക്കുന്നു:
കുടുംബനാഥനെ (HoF) അടിസ്ഥാനമാക്കിയുള്ള അപേക്ഷ (Head of Family (HoF) based application) : സാധുവായ ആധാർ ഉള്ള കുടുംബനാഥന് അപേക്ഷകനുമായുള്ള അവൻ്റെ/അവളുടെ ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് ഇത്തരത്തിൽ കുടുംബത്തിലെ മറ്റാർക്കെങ്കിലും വേണ്ടി ആധാറിന് അപേക്ഷ നൽകാനാകും. വിശദാംശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം അപേക്ഷകൻ്റെ എൻറോൾമെൻ്റ് പ്രോസസ്സ് ചെയ്യും.
Introducer-based application: അപേക്ഷകന്റെ കയ്യിൽ സാധുവായ തിരിച്ചറിയൽ രേഖകളോ വിലാസ രേഖകളോ ഇല്ലെങ്കിലും രജിസ്ട്രാർ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥന് എൻറോൾമെൻ്റ് പ്രക്രിയയിൽ സഹായിക്കാനാകും. ആധാർ എൻറോൾമെൻ്റ് സെൻ്റർ മുഖേന നിയമിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും ആധാർ പ്രൊസസിങ്ങിനായി ഉണ്ടാകുക.
ആധാർ അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം ?
1. UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക
3. ‘മൈ ആധാർ’ എന്ന സെക്ഷനിലെ ‘ചെക്ക് ആധാർ സ്റ്റാറ്റസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
4. എൻറോൾമെൻ്റ് നമ്പറും എൻറോൾമെൻ്റ് സമയവും നൽകുക
5. ക്യാപ്‌ച വെരിഫിക്കേഷൻ കോഡ് നൽകിയതിന് ശേഷം ‘ചെക്ക് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക
ആധാർ കാർഡ് ഡൗൺലോഡ്/പ്രിൻ്റ് ചെയ്യുന്നതെങ്ങനെ?
UIDAI വെബ്സൈറ്റിൽ നിന്ന് ഇ-ആധാർ PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിനായി ആധാർ നമ്പർ, വെർച്വൽ ഐഡി (VID), എൻറോൾമെൻ്റ് ഐഡി (EID) ഇവയിൽ ഏതെങ്കിലും മാർഗം ഗേറ്റ് വേ ആയി ഉപയോഗിക്കാവുന്നതാണ്.
ആധാർ കാർഡ് വെരിഫിക്കേഷൻ എങ്ങനെ ചെയ്യാം ?
ഘട്ടം 1 – UIDAI വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2 – ‘മൈ ആധാർ’ എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3 – ‘വെരിഫൈ ആൻ ആധാർ നമ്പർ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ‘ആധാർ സർവ്വീസസ്’ എന്ന വിഭാഗത്തിന് കീഴിൽ ഓപ്ഷൻ കണ്ടെത്താം.
ഘട്ടം 4 – ആധാർ നമ്പറും ക്യാപ്‌ചയും നൽകുക.
ഘട്ടം 5 – ‘പ്രോസീഡ് ആൻഡ് വെരിഫൈ ആധാർ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6 – പ്രക്രിയ പൂർത്തിയാക്കാൻ അടുത്ത പേജിലെ ഘട്ടങ്ങൾ പാലിക്കുക.
ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 1947 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതെങ്ങനെ ?
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ വ്യക്തികൾ അവരുടെ പാൻ (പെർമനൻ്റ് അക്കൗണ്ട് നമ്പർ) ആധാറുമായി (യുണീക്ക് ഐഡൻ്റിഫിക്കേഷൻ നമ്പർ) ബന്ധിപ്പിക്കണമെന്ന നിബന്ധന ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 133 AA (2) പ്രകാരമാണ് ഈ ഉത്തരവ്.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് വഴികളുണ്ട്:
1. ഇ-ഫയലിംഗ് വെബ്‌സൈറ്റ് വഴി ആധാറുമായി പാൻ ലിങ്ക് ചെയ്യാം.
2. എസ്എംഎസ് വഴി ആധാർ നമ്പറും പാനും ലിങ്ക് ചെയ്യാം.
ആധാർ പിവിസി കാർഡ് എന്നാൽ എന്ത് ?
ആധാറിൻ്റെ പുതിയ രൂപം ആധാർ പിവിസി കാർഡ് എന്ന പേരിൽ യുഐഡിഎഐ അവതരിപ്പിച്ചിരുന്നു. കുറേക്കാലം ഈടുനിൽക്കുന്നതും കൈയ്യിൽ കൊണ്ടുപോകാൻ എളുപ്പമുള്ളതുമാണ് പിവിസി മാതൃക. നിരവധി സുരക്ഷാ സവിശേഷതകളോടെ വരുന്ന പിവിസി കാർഡ് ആധാർ നമ്പർ, എൻറോൾമെൻ്റ് ഐഡി അല്ലെങ്കിൽ വെർച്വൽ ഐഡി എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഓർഡർ ചെയ്യാം. ഇതിനായി ഓൺലൈനായി അപേക്ഷിക്കുകയാണ് വേണ്ടത്. ആധാർ പിവിസി കാർഡിന് അപേക്ഷിക്കാൻ 50 രൂപ ഫീസായി ഈടാക്കും. പുതിയ കാർഡ് സ്പീഡ് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്ത വിലാസത്തിലെത്തും.
ഫോർമൽ ആയി വിലാസം തെളിയിക്കുന്ന രേഖകളില്ലാതെ നിങ്ങളുടെ ആധാർ കാർഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
നിങ്ങൾ പുതിയൊരു സ്ഥലത്തേക്ക് താമസം മാറുകയോ മറ്റോ ചെയ്യുമ്പോൾ പെട്ടെന്ന് സാധുവായ ഒരു അഡ്രസ് പ്രൂഫ് ഉണ്ടാക്കുക പ്രയാസകരമാണ്. എന്നാൽ ഇത്തരം സാഹചര്യത്തിൽ വലിയ പ്രയാസങ്ങളില്ലാതെ തന്നെ നിങ്ങൾക്ക് ആധാറിലെ വിലാസം അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്.
അഡ്രസ് വെരിഫയർ നൽകുന്ന ആധാർ അഡ്രസ് വാലിഡേഷൻ ലെറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് പുതിയ മേൽവിലാസത്തിലേക്ക് മാറാം. വെരിഫയർ ഉറപ്പിച്ച വിലാസം നിങ്ങളുടെ ആധാർ കാർഡിലേക്കും ചേർക്കും. മറ്റു അനാവശ്യ വ്യക്തിഗത വിവരങ്ങൾ ഒന്നും പങ്കിടാതെ തന്നെ ഇത് സാധ്യമാണ്. ബന്ധുവോ സുഹൃത്തോ കുടുംബാംഗമോ അല്ലെങ്കിൽ നിങ്ങളുടെ ഭൂവുടമയോ ആരെയും നിങ്ങൾക്ക് വെരിഫയർ ആയി തെരഞ്ഞെടുക്കാവുന്നതാണ്.
ശ്രദ്ധിക്കുക: യുഐഡിഎഐയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഈ സേവനം താൽക്കാലികമായി ലഭ്യമല്ല.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ ?
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്തിരിക്കണമെന്ന കർശന നിർദേശം 2017-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയിരുന്നു. എന്നാൽ 2018 ലെ സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഇത് നിർബന്ധമല്ലെന്ന് വ്യവസ്ഥ വച്ചു. ലിങ്ക് ചെയ്യേണ്ടവർക്ക് ഇതെങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം.
1. ഇൻ്റർനെറ്റ് ബാങ്കിംഗ് വഴി ആധാർ ലിങ്ക് ചെയ്യാം
2. ബാങ്കിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം
3. സഹായത്തിനായി അടുത്തുള്ള ബാങ്കിന്റെ ശാഖ സന്ദർശിക്കൈം
4. എടിഎം വഴി ലിങ്ക് ചെയ്യാം
5. എസ്എംഎസ് സേവനം ഉപയോഗപ്പെടുത്താം
6. മൊബൈൽ നമ്പർ ഉപയോഗിക്കാം
നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ആധാറിൽ എങ്ങനെ സുരക്ഷിതമാക്കി വയ്ക്കാം ?
നിങ്ങളുടെ ആധാറിൻ്റെയും മറ്റു വിവരങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ബയോമെട്രിക് ഡാറ്റ ഓൺലൈനായി ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ ഉള്ള ഓപ്ഷൻ യുഐഡിഎഐ നൽകുന്നുണ്ട്. നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നതിനും അൺലോക്ക് ചെയ്യുന്നതിനും 2 രീതികളുണ്ട്.
1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആധാർ ബയോമെട്രിക് ഡാറ്റ സെക്യുർ എന്ന ഓപ്ഷൻ എടുക്കാം.
2. mAdhaar മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആധാർ ബയോമെട്രിക് ഡാറ്റ സെക്യൂർ ചെയ്യുകയോ റിലീസ് ചെയ്യുകയോ ആവാം.
എന്താണ് ആധാർ വെർച്വൽ ഐഡി?
16 അക്കങ്ങൾ അടങ്ങുന്ന ഒരു താൽക്കാലിക കോഡാണ് ആധാർ വെർച്വൽ ഐഡി. ഇത് ആധാർ നമ്പറിനു വേണ്ടി ജനറേറ്റ് ചെയ്യുന്ന ഒന്നാണ്. അതേ സമയം ഒരു സാഹചര്യത്തിലും യഥാർത്ഥ ആധാർ കാർഡ് വീണ്ടെടുക്കാൻ വെർച്വൽ ഐഡി ഉപയോഗിക്കാൻ കഴിയില്ല. അപേക്ഷകർക്ക് ആധാർ നമ്പറിനുളള വെർച്വൽ ഐഡി മാത്രമേ ജനറേറ്റ് ചെയ്യാൻ കഴിയൂ. ഇത് അപേക്ഷകർക്ക് ആവശ്യത്തിനനുസരിച്ച് ജനറേറ്റ് ചെയ്യാൻ കഴിയും.
എന്താണ് ആധാർ ഓതൻ്റിക്കേഷൻ ?
സേവന ദാതാവിൽ നിന്നുള്ള സേവനങ്ങളും ആനുകൂല്യങ്ങളും ആധാർ ഉടമകൾക്ക് കൃത്യമായാണ് ലഭിക്കുന്നതെന്ന് ഉറപ്പു വരുത്താനും ഇതിൽ മറ്റു തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളും മറ്റും ഒഴിവാക്കാനും ആധാർ വിശദാംശങ്ങൾ സ്ഥിരീകരണത്തിനായി ഉപയോഗിക്കുന്നു. ഈ പ്രക്രിയ ആണ് ആധാർ ഓതന്റിക്കേഷൻ. ആധാർ ഒരു പ്രധാന eKYC രേഖയാണ്. എന്തു കൊണ്ടാണ് ആധാറിനെ ഒരു പ്രധാന eKYC രേഖയായി ഉപയോഗപ്പെടുത്തുന്നതെന്ന് നോക്കാം.
1. വിവരങ്ങൾ ഒരു സേവന ദാതാവുമായി മിനിറ്റുകൾക്കുള്ളിൽ സുരക്ഷിതമായ ചാനലിലൂടെ പങ്കിടുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഫിസിക്കൽ ഡോക്യുമെൻ്റുകൾ ഉപയോഗിക്കുന്നതിനേക്കാൾ
വേഗത്തിൽ ആധാർ ഇത് ചെയ്യുന്നു. നീണ്ട വെയിറ്റിംഗ് പിരീഡ് ഇതിലൂടെ ഒഴിവാകുന്നു.
2. ആധാർ പൂർണ്ണമായും സുരക്ഷിതമായ ഒരു ചാനലാണ്. യുഐഡിഎഐ ആധാർ ഉടമയുടെ രഹസ്യമായ രേഖകളോ ഒന്നും പുറത്തു വിടില്ല. സേവന ദാതാവിൻ്റെയും ആധാർ ഉടമയുടെയും സമ്മതമില്ലാതെ രേഖകൾ വ്യാജമായി ഉപയോഗിക്കാൻ കഴിയില്ല
3. ആധാർ ഉടമയിൽ നിന്ന് ഒ ടി പി, അല്ലെങ്കിൽ ബയോമെട്രിക് ആയി സമ്മതം മേടിച്ച ശേഷം മാത്രമേ UIDAI വിവരങ്ങൾ പങ്കിടുകയുള്ളൂ.
4. കടലാസ് ഉപയോഗിക്കാതെയുള്ള ഓൺലൈൻ നടപടിക്രമങ്ങൾ ഉപയോഗിച്ചു വരുന്നതു കാരണം ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയുന്നു.
യുഐഡിഎഐ ആധാറുമായി ബന്ധപ്പെട്ടു നൽകുന്ന സേവനങ്ങൾ എന്തൊക്കെ ?
1. UIDAI പോർട്ടൽ സന്ദർശിച്ച് വിലാസം ഓൺലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.
2. ഓൺലൈൻ പോർട്ടൽ വഴി വ്യക്തികളുടെ ആധാർ നമ്പർ പരിശോധിക്കാം.
3. mAadhaar ആപ്ലിക്കേഷൻ വഴി ഓൺലൈനായി ആധാർ ബയോമെട്രിക്‌സ് അൺലോക്ക് ചെയ്യാനും ലോക്ക് ചെയ്യാനും സാധിക്കുന്നു.
4. ആധാർ-ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം.
5. കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ ആധാർ ഓതന്റിക്കേഷൻ അഭ്യർത്ഥനകൾ ഉപയോക്താക്കൾക്ക് ട്രാക്ക് ചെയ്യാനോ അവലോകനം ചെയ്യാനോ കഴിയും.
6. ഉപയോക്താവിൻ്റെ ആധാർ സുരക്ഷിതമാക്കി വയ്ക്കുന്നതിന് ആധാർ വെർച്വൽ ഐഡി ജനറേറ്റ് ചെയ്യാം.
7. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇ- ആധാർ ഡൗൺലോഡ് ചെയ്യാം.
8. എൻറോൾമെൻ്റിന് ശേഷം ഉപയോക്താവിന് ആധാർ കാർഡ് സ്റ്റാറ്റസ്
പരിശോധിക്കാൻ കഴിയും.
9. എൻറോൾമെൻ്റ് സെൻ്റർ വഴിയോ UIDAI ഓൺലൈൻ പോർട്ടൽ വഴിയോ ആധാർ അപ്ഡേറ്റ് ചെയ്യാം.
10. ആധാർ നമ്പർ (യുഐഡി) അല്ലെങ്കിൽ എൻറോൾമെൻ്റ് ഐഡി (ഇഐഡി) എന്നിവ നഷ്ടപ്പെടുകയോ മറന്നു വയ്ക്കുകയോ ചെയ്താൽ ഓൺലൈനായി എളുപ്പത്തിൽ വീണ്ടെടുക്കാനാകും.
ആധാർ അപ്ഡേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?
ആധാർ കാർഡ് ഫോം ഓൺലൈനായോ ഓഫ്‌ലൈനായോ പൂരിപ്പിക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യങ്ങൾ :
1. വലിയ അക്ഷരങ്ങൾ (ക്യാപിറ്റൽ ലെറ്റേഴ്സ്) ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക.
2. പേരിന് മുമ്പ് മിസ്റ്റർ, മിസ്സിസ്, മിസ് തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല.
3. വ്യക്തിയുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ഫോം പൂരിപ്പിക്കാം
4. വ്യക്തികൾ അവരുടെ നിലവിലെ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ നൽകണം.
5. താൽക്കാലിക വിലാസം നൽകാതെ കഴിവതും സ്ഥിരമായ മേൽവിലാസം നൽകാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം പിന്നീട് അപ്ഡേറ്റ് ചെയ്യാം.
6. അപേക്ഷയ്‌ക്കൊപ്പം വ്യക്തികളുടെ ആവശ്യമായ രേഖകളും സമർപ്പിക്കണം.
7. കാലഹരണപ്പെട്ട ഏതെങ്കിലും രേഖകൾ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കപ്പെടുമെന്ന് ഓർക്കുക.
8. വ്യക്തികൾ കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ആധാർ കാർഡ് കസ്റ്റമർ കെയറുമായി എങ്ങനെ ബന്ധപ്പെടാം ?
യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) 24X7 ഐവിആർ (ഇൻ്ററാക്ടീവ് വോയ്സ് റെസ്പോൺസ്) സേവനങ്ങൾ നിലവിലുണ്ട്. ആധാറുമായി ബന്ധപ്പെട്ട ഏത് സേവനങ്ങളും സംബന്ധിച്ച് വ്യക്തികൾക്ക് 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.
തിങ്കൾ മുതൽ ശനി വരെ രാവിലെ 07:00 മുതൽ രാത്രി 11:00 വരെ ഐവിആർ സേവനം ലഭ്യമാണ്. ഞായറാഴ്ചകളിൽ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെയാണ് ബന്ധപ്പെടാനുള്ള സമയം.
ജനുവരി 26, ഓഗസ്റ്റ് 15, ഒക്ടോബർ 2 എന്നീ മൂന്ന് ദേശീയ അവധി ദിവസങ്ങളിൽ യുഐഡിഎഐ കസ്റ്റമർ കെയർ സേവനം ലഭ്യമല്ല.
ആധാർ കാർഡ് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ ?
1. ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ (തിരിച്ചറിയല്‍ രേഖ) – ഗവണ്‍മെന്‍റ് / ഗവണ്‍മെന്‍റേതര സ്ഥാപനങ്ങള്‍ വ്യപകമായി അംഗീകരിക്കുന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍. പൗരത്വ രേഖ എന്നതിനപ്പുറത്തേക്ക് കാർഡ് ഉടമയുടെ ഫോട്ടോ, വിരലടയാളങ്ങള്‍, ഐറിസ് സ്കാന്‍ മുതലായ നിർണായക ബയോമെട്രിക് ഡാറ്റയും ഇതില്‍ ഉൾപ്പെടുന്നു. കാർഡിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കുന്നതിനായി ഒരു ക്യുആർ കോഡും നല്‍കിയിട്ടുണ്ട്.
2. പ്രൂഫ് ഓഫ് അഡ്രസ് (വിലാസത്തിൻ്റെ തെളിവ്) – കാര്‍ഡ് ഉടമയുടെ വിലാസം ആധാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താറുണ്ട്. അതുകൊണ്ട് ഗവണ്‍മെന്‍റ് / ഗവണ്‍മെന്‍റേതര വെരിഫിക്കേഷന്‍ പ്രക്രിയകളില്‍ താമസമുൾപ്പെടെയുള്ള വിലാസത്തിന്‍റെ തെളിവായി ഇവ ഉപയോഗിക്കാന്‍ സാധിക്കും. സാമ്പത്തിക ഉല്‍പനങ്ങളായ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഹോം ലോണുകൾ, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്കും സാമ്പത്തിക സേവനമായ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിലും അഡ്രസ് പ്രൂഫ് ആയ അധികാരിക രേഖയായി ഇത് ഉപയോഗിക്കാം.
3. ഗവണ്‍മെന്‍റ് സബ്സിഡികള്‍ – വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള സബ്‌സിഡികൾ ലഭ്യമാകുന്നതിന്, ഓരോരുത്തരും അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പഹൽ, അടൽ പെൻഷൻ യോജന, മണ്ണെണ്ണ, സ്‌കൂൾ, ഭക്ഷണം തുടങ്ങിയ സബ്‌സിഡികൾ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നിക്ഷേപിക്കാറുള്ളത്.
4. ബാങ്ക് അക്കൗണ്ട് ആക്സസ് – ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള ഒരു പ്രധാന രേഖയായി പാന്‍ കാര്‍ഡിനോടൊപ്പം (പെർമനൻ്റ് അക്കൗണ്ട് നമ്പർ) ആധാറും ഉപയോഗിക്കുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെങ്കിലും ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ഇപ്പോൾ പല ബാങ്കുകൾക്കും ആധാർ കാർഡും പാനും മാത്രമേ ആവശ്യമുള്ളൂ.
5. ആദായനികുതി അടയ്ക്കല്‍ – ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് ആദായനികുതി വകുപ്പ് നിർബന്ധമായിട്ടുണ്ട്. ആദായനികുതി അടയ്ക്കുന്നതിനും റിട്ടേൺ സമർപ്പിക്കുന്നതിനും ആധാർ അത്യാവശ്യമാണ്. അതല്ലെങ്കിൽ നികുതിദായകൻ്റെ റിട്ടേൺ അപേക്ഷ പ്രോസസ്സ് ചെയ്യില്ല.
6. മൊബൈൽ ഫോൺ കണക്ഷനുകൾ – ടെലികോം കമ്പനികള്‍ എല്ലാം പുതിയ കണക്ഷനുകൾക്ക് തിരിച്ചറിയല്‍ രേഖയായും വിലാസം തെളിയിക്കുന്ന രേഖയായും ആധാർ സ്വീകരിക്കുന്നു. ആധാർ ഉപയോഗിച്ചുള്ള കണക്ഷനുകള്‍ വേഗത്തില്‍ ആക്ടീവാകാറുണ്ട്.
7. ഗ്യാസ് കണക്ഷനുകൾ – പുതിയ ഗ്യാസ് കണക്ഷനുകൾക്ക് ആധാർ ഡോക്യുമെൻ്റേഷൻ ആവശ്യമാണ്. കൂടാതെ നിലവിലുള്ള കണക്ഷനുകൾക്ക്, പഹൽ (DBTL) സ്കീമിന് കീഴിൽ നേരിട്ട് സബ്‌സിഡി ലഭിക്കുന്നതിന് KYC പൂർത്തിയാക്കുകയും ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുകയും വേണം.
8. മ്യൂച്വൽ ഫണ്ടുകൾ – നേരത്തെയുണ്ടായിരുന്നു ആധാർ ഉപയോഗിച്ചുള്ള ഇ-കെവൈസി പ്രക്രിയ ഇനി പ്രവർത്തനക്ഷമമല്ലെങ്കിലും, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കായി അക്കൗണ്ട് തുറക്കുന്ന പ്രവര്‍ത്തനത്തെ ആധാർ ലളിതമാക്കുന്നു. അതേ സമയം ഫണ്ടിന് പ്രതിവര്‍ഷം 50,000 രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക്, ഈ പരിധി മറികടക്കാൻ നിക്ഷേപകൻ്റെ വ്യക്തിഗത ബയോമെട്രിക് പരിശോധന ആവശ്യമാണ്.