പണമെല്ലാം എന്ത് ചെയ്തു എന്നതിന് ഉത്തരമില്ല….ഭൂമി കച്ചവടത്തിന്റെ പേരിൽ …

തൃശൂർ: ഭൂമി കച്ചവടത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ അമ്പത്തിരണ്ടുകാരൻ പിടിയിൽ. എറിയാട് ഒ. എസ്. മില്ലിന് സമീപം വലിയ വീട്ടിൽ ജലീൽ ആണ് അറസ്റ്റിലായത്. മേത്തല പെട്ടിക്കാട്ടിൽ മുരളി, എടവിലങ്ങ് ഇരട്ടക്കുളത്ത് ഉമ്മർ, എറിയാട് കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിം, പുല്ലൂറ്റ് നാലുമാക്കൽ മോഹനൻ, മേത്തല തോട്ടുങ്ങൽ മുഹമ്മദ് ഹബീബ് എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഇവരിൽ നിന്ന് മാത്രം ഏകദേശം മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം. പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നത്. വീടും ഭൂമിയും രാവിലെ കാണിക്കുകയും വൈകീട്ട് ടോക്കൺ വാങ്ങുകയും ചെയ്യും. തൊട്ടടുത്ത ദിവസം മറ്റൊരു കൂട്ടർ വാങ്ങിയതായി പറഞ്ഞ് പണം നൽകിയവരെ പറ്റിക്കും. ഇയാളും കുറച്ച് പറമ്പ് കച്ചവടക്കാരും തട്ടിപ്പ് സംഘത്തിൽ ഉണ്ടെന്നാണ് വിവരം. അടുത്ത കാലങ്ങളിൽ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കർമാരും പൊലീസ് നിരീക്ഷണത്തിലാണ്.

ദേശീയപാത വികസനത്തിൽ ലഭിച്ച തുകയിൽ 80 ലക്ഷം രൂപ ഒരാളിൽ നിന്ന് മാത്രം ജലീൽ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഈ പണമെല്ലാം എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന് ജലീലിന് മറുപടിയില്ല. ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചോ എന്നെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ. സാജൻ, സി.പി.ഒമാരായ അനസ്, വിഷ്ണു, ബിന്നി, സജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button