‘സിപിആർ നൽകിയില്ല.. മാലതി കുഴഞ്ഞ് വീണപ്പോൾ പലരും ഫോണിൽ അത് റെക്കോർഡ് ചെയ്യുന്ന തിരക്കിലായിരുന്നു’.. ഗുരുതര ആരോപണം…

കോടതി മുറിക്കുള്ളിൽ വെച്ച് മുതിർന്ന വനിതാ അഭിഭാഷക ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാലതി പവാർ (59) എന്ന മുതിർന്ന വനിതാ അഭിഭാഷകയാണ് മുംബൈയിൽ കോടതിയിലെ ബാർ റൂമിൽ ഇരിക്കവേ മരിച്ചത്. തനിക്ക് സുഖമില്ലെന്നും അൽപനേരം വിശ്രമിക്കണമെന്നും അറിയിക്കാൻ ഭർത്താവ് രമേശ് പവാറിനെ ഇവർ വിളിച്ചിരുന്നു . എന്നാൽ അതിനു തൊട്ടുപിന്നാലെ അവർ കുഴഞ്ഞുവീഴുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ഭാര്യയുടെ മരണത്തിന് പിന്നാലെ കോടതിയിലുണ്ടായിരുന്നവർക്കെതിരെ ഇവരുടെ ഭർത്താവ് രംഗത്തെത്തി. സമയബന്ധിതമായി വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ തന്റെ ഭാര്യ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഭർത്താവ് ആരോപിച്ചു. മാലതി കുഴഞ്ഞ് വീഴുന്ന സമയത്ത് പലരും സ്വന്തം ഫോണുകളിൽ അത് റെക്കോർഡ് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാര്യക്ക് ഒരാൾ പോലും സിപിആർ നൽകിയില്ല. കോടതിയിൽ നിന്ന് ഏതാനും ചുവടുകൾ മാത്രം അകലെയുള്ള അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ആരും ശ്രമിച്ചില്ല. പകരം, ചില ആളുകൾ മൊബൈൽ ഫോണുകൾ എടുത്ത് വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. കൃത്യസമയത്ത് സഹായം ലഭിച്ചിരുന്നെങ്കിൽ എന്റെ ഭാര്യ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും രമേശ് പവാർ പറഞ്ഞു.



