മകന്‍റെ മരണത്തിൽ തകർന്നു.. യുവതി കിണറ്റിൽ മരിച്ച നിലയിൽ…

മകന്‍റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

വിതുര നിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ എസ് ഹരിയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം എത്തി. സേനാംഗമായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ‌ ദിവ്യയെ കണ്ടത്. ഉടൻ തന്നെ നെറ്റിനുള്ളിൽ കയറ്റി കരയിലെത്തിച്ചു. പിന്നാലെ വിതുര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവ്യയുടെ ഏക മകൻ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ മനോവിഷമത്തിൽ ആയിരുന്നു വീട്ടമ്മ. കഴിഞ്ഞ ദിവസങ്ങളിലായി ആരോടും അധികം സംസാരിക്കാതെയും വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെയുമാണ് കഴിഞ്ഞിരുന്നത്.

Related Articles

Back to top button