മൂക്കുത്തി വാങ്ങാനെത്തിയ യുവതി ഇടയ്ക്കിടെ എന്തോ വായിലേക്കിട്ടു..പിടികൂടിയത്…
സ്വർണ വില കുതിച്ചുയരുന്നതിനിടെ ജ്വല്ലറിയിൽ നടന്ന മോഷണ ദൃശ്യം പുറത്തുവന്നു. തിരക്കുള്ള സമയത്തായിരുന്നു യുവതിയുടെ മോഷണ ശ്രമം. ബിഹാറിലെ നളന്ദയിലെ ജ്വല്ലറിയിലാണ് സംഭവം നടന്നത്. കടയിലെ മൂന്ന് ജീവനക്കാരും സ്വർണം വാങ്ങാനെത്തിയവർക്ക് ആഭരണങ്ങൾ കാണിച്ചു കൊടുക്കുകയായിരുന്നു. കടയുടെ ഇടതു വശത്തെ മൂലയിൽ ഇരുന്ന ചുവന്ന നിറമുള്ള ചുരിദാർ ധരിച്ച സ്ത്രീ മൂക്കുത്തി ഓരോന്നായി നോക്കുന്നത് കാണാം. തന്‍റെ മുന്നിൽ വച്ച ചുവന്ന ട്രേയിൽ നിന്ന് മൂക്കുത്തി ഓരോന്നായി എടുത്ത് മൂക്കിൽ വച്ചുനോക്കി. എന്നിട്ട് ജീവനക്കാരൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ യുവതി മൂക്കുത്തി വിദഗ്ധമായി വായിലേക്കിടുന്നത് കടയിലെ സിസിടിവിയിൽ പതിഞ്ഞു. മൂന്ന് തവണ ഇങ്ങനെ ചെയ്തതിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു.
താൻ ട്രേയിൽ വച്ച മൂക്കുത്തികൾ തിരികെവയ്ക്കും മുൻപ് ജീവനക്കാരൻ എണ്ണിനോക്കി. മൂക്കുത്തികളുടെ എണ്ണം കുറഞ്ഞതായി ജീവനക്കാരന് ബോധ്യപ്പെട്ടു. തുടർന്ന് യുവതിയെ ചോദ്യംചെയ്യാൻ തുടങ്ങി. പക്ഷേ താൻ എടുത്തില്ലെന്ന് യുവതി പറഞ്ഞതോടെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു. യുവതി ആഭരണങ്ങൾ വായിലേക്കിടുന്നതിന്‍റെ ദൃശ്യം ലഭിച്ചു.
തുടർന്ന് യുവതിയുടെ വായ പരിശോധിച്ചപ്പോൾ മൂക്കുത്തികൾ ലഭിച്ചു. യുവതിയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും ജ്വല്ലറി ഉടമ ഉടൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ സ്വർണം തിരികെ ലഭിച്ചതിനാൽ ജ്വല്ലറി ഉടമ രേഖാമൂലം പരാതി നൽകിയില്ല. അതിനാൽ പൊലീസ് കേസെടുക്കാതെ സ്ത്രീകളെ വിട്ടയച്ചു.