മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം.. പരാമർശം നിലവാരം കുറഞ്ഞത്..എന്‍ എന്‍ കൃഷ്ണദാസിനെതിരെ കെയുഡബ്ല്യുജെ…
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സിപിഐഎം നേതാവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്.സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയാണ് സിപിഎം നേതാവ് നടത്തിയത്. ഹീനമായ പ്രസ്താവന പിന്‍വലിച്ച് കൃഷ്ണദാസ് മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാവിന് യോജിക്കുന്ന തരത്തിലുള്ള മാന്യതയും സഭ്യതയും അദ്ദേഹത്തില്‍ നിന്നുണ്ടാകാതിരുന്നത് അത്യന്തം നിരാശാജനകമാണ്. ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്നതിന് പകരം അത്യന്തം പ്രകോപിതനായി ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്. അങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ തന്നെ പറയുമെന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. സ്വന്തം പാര്ട്ടിക്കാര് തന്നെ വിലക്കിയിട്ടും എന്‍ എന്‍ കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
തിരഞ്ഞെടുപ്പ് രംഗത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പൊട്ടിത്തെറികളും പ്രതിഷേധങ്ങളും കല്ലുകടികളുമുണ്ടാകുമ്പോള്‍ സ്വഭാവികമായും വാര്‍ത്തയായി മാറും. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ക്കെതിരെ ചോദ്യങ്ങളും പരാമര്‍ശങ്ങളും ഉയരുമ്പോള്‍ ഇത്തരത്തില്‍ അരിശംകൊണ്ട് നിലവിട്ട് പെരുമാറുന്നതെന്നു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.