പഞ്ചായത്ത് വികസന പദ്ധതികൾക്കായി ആറര കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് നടപടിക്രമങ്ങൾ പാലിക്കാതെ….
കുമളി പഞ്ചായത്ത് വികസന പദ്ധതികൾക്കായി ആറര കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് സംസ്ഥാന ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ കണ്ടെത്തൽ. വിഷയത്തിൽ കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിൽ നടത്താനാണ് ധനകാര്യ വകുപ്പിൻറെ തീരുമാനം. കുമളിയിലെ ചുരക്കുളം എസ്റ്റേറ്റ് മുറിച്ചു വിറ്റ 4.99 ഏക്കർ ഭൂമിയാണ് എൽഡിഎഫ് ഭരിക്കുന്ന കുമളി പഞ്ചായത്ത് വാങ്ങിയത്. ഇടപാടിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചെലവാക്കിയ ആറ് കോടി മുപ്പത്തി ഒൻപത് ലക്ഷം രൂപ 20 പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി എന്നിവരിൽ നിന്നും ഈടാക്കാൻ ഓഡിറ്റ് വകുപ്പ് ഉത്തരവിട്ടിരുന്നു.
എന്നാൽ പിന്നീട് ഏഴ് യുഡിഎഫ് അംഗങ്ങളെ ഒഴിവാക്കി. സംസ്ഥാന ഓഡിറ്റ് വകുപ്പ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇത്രയും വലിയ തുകയ്ക്ക് അനുമതി നൽകാൻ അധികാരമില്ലാത്ത സ്റ്റിയറിംഗ് കമ്മറ്റി തീരുമാന പ്രകാരമാണ് സ്ഥലം വാങ്ങിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സ്ഥലം വാങ്ങുന്നതിന് ജില്ലാ കളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ല. വാങ്ങിയ സ്ഥലം തോട്ടം ഭൂമിയല്ലെന്ന് കുമളി വില്ലേജ് ഓഫീസർ കത്ത് നൽകിയത് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടാതെയാണെന്നും കണ്ടെത്തി.