നഴ്‌സിങ് കോളേജിലെ റാഗിങ്‌: കോട്ടയത്ത് കെ.എസ്.യു മാർച്ചിൽ സംഘർഷം… പോലീസ് ജലപീരങ്കി പ്രയോഗിച്ചു…

ksu march in kottayam

കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളേജിലേക്ക് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരില്‍ പലരും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമങ്ങളും നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് രണ്ടുതവണ ജലപീരങ്കിയടക്കമുള്ളവ പ്രയോഗിച്ചു. റാഗിങ് സംഭവത്തില്‍ കോളേജിന് വീഴ്ച സംഭവിച്ചുവെന്നാരോപിച്ചായിരുന്നു കെ.എസ്.യുവിന്റെ മാര്‍ച്ച്.

ക്യാംപസിന്റെ നൂറ് മീറ്റര്‍ മുന്നിലായി തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരില്‍ പലരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വനിതാ പോലീസും സ്ഥലത്തെത്തിയിരുന്നു.

റാഗിങ് സംഭവത്തില്‍ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. റാഗിങ് സംഭവത്തിന്റെ ചൂടാറിയാല്‍ പ്രതികളില്‍ പലരും വീണ്ടും പഠിക്കാനായി ഇവിടേക്ക് എത്തുമെന്ന ആശങ്കയും പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു. ഇത്ര ക്രൂരമായ പീഡനം ആയിട്ടും റാഗിങ് എങ്ങനെയാണ് അധികൃതര്‍ അറിയാതെ പോയതെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. കോളേജ് അധികൃതരുടെ നടപടി തൃപ്തികരമല്ലെന്നും കെ.എസ്.യു. പ്രതികരിച്ചു.

റാഗിങ് സംഭവത്തില്‍ പ്രതികളില്‍ പലര്‍ക്കും ഇടതുപക്ഷവുമായി ബന്ധവുമുണ്ടെന്നും കെ.എസ്.യു ആരോപിച്ചു. എസ്.എഫ്.ഐയ്ക്ക് എതിരേയും മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു കെ.എസ്.യു പ്രതിഷേധം. എ.ബി.വി.പി പ്രവര്‍ത്തകരും വെള്ളിയാഴ്ച രാവിലെ പ്രതിഷേധവുമായി ഗവണ്‍മെന്റ് നഴ്സിങ് കോളേജില്‍ എത്തിയിരുന്നു.

Related Articles

Back to top button