‘ആശാ സൂസിമാര് നിലമ്പൂരില്‍ പ്രചരണത്തിന് വന്നത് എന്തിനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ’.. കെഎസ്യു വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം…
സംസ്ഥാന കണ്‍വീനര്‍ അതുല്യാ ജയാനന്ദിനു നേരെ സിപിഐഎം അനുകൂല നവ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് സൈബര്‍ ആക്രമണം നടക്കുന്നെന്ന് കെഎസ്യു. ഇതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.
‘ആശാ സൂസിമാര് നിലമ്പൂരില്‍ പ്രചരണത്തിന് വന്നത് എന്തിനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ ‘ എന്ന് ചോദിച്ചു കൊണ്ടാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തും, അതുല്യ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരും ഭക്ഷണം കഴിക്കുന്ന ചിത്രം ഉപയോഗിച്ച് ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ നൂറുകണക്കിന് സിപിഐഎം അനുകൂല ഫേസ് ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്‍പ്പടെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പരാതി.
ആശാ വര്‍ക്കര്‍മാരെ ആക്ഷേപിക്കുന്നതോടൊപ്പം, വ്യാജ തലക്കെട്ടോടെ അതുല്യയുടെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ കത്തില്‍ അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
പരാജയഭീതി തലക്കു പിടിച്ചാല്‍ സാംസ്കാരിക സിപിഐഎമ്മിന് ഒരേ രീതിയും നിലവാരവുമാണുള്ളതെന്നും സിപിഐഎമ്മിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെയാണ് വ്യാജ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.