വിദ്യാർത്ഥിനികളോട് ക്രൂരത; രാത്രി സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്ത പെൺകുട്ടികളെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കിയില്ലെന്നു പരാതി. തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന ബസിൽ അങ്കമാലിയിൽ നിന്നു കയറിയ പൊങ്ങം നൈപുണ്യ കോള​ജിലെ വി​ദ്യാർത്ഥിനികൾക്കാണ് ദുരനുഭവം. കൊരട്ടിയ്ക്കു അടുത്ത് പൊങ്ങത്ത് ബസ് നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് പരാതി. ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായർ, പത്തനംതിട്ട സ്വദേശി ആൽഫി പി ജോർജ് എന്നിവർ പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുമ്പോഴാണ് ബസിൽ കയറിയത്.

രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോൾ ഇവിടെ ഇറങ്ങണമെന്നു പെൺകുട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവറും കണ്ടക്ടറും അതിനു തയ്യാറായില്ല. ഇതോടെ കുട്ടികൾ കരച്ചിലായി. ബസ് നിർത്തി കൊടുക്കണമെന്നു സഹയാത്രികരും ആവശ്യപ്പെട്ടു. എന്നാൽ അതും ഫലം കണ്ടില്ല. വി​ദ്യാർത്ഥിനികളോടു മനുഷ്യത്വം കാണിക്കണമെന്നു ആവശ്യപ്പെട്ടിട്ടും ഡ്രൈവറും കണ്ടക്ടറും കൂട്ടാക്കിയില്ല.

ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിൽ വിവരമറിയിച്ചു. അതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്താമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി അറിയില്ലെന്നു കുട്ടികൾ പറഞ്ഞു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്. രാത്രി യാത്രക്കാരായ വിദ്യാർത്ഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

Related Articles

Back to top button