ഓറഞ്ച് നിറം മാറ്റി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസുകൾ, സീറ്റ് നിറം ചുവപ്പാക്കി

ഓറഞ്ച് നിറത്തിലോടിയിരുന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകൾ വെള്ളക്കുപ്പായത്തിലേക്ക്. ഓറഞ്ച് നിറത്തിൽ മറ്റ് പ്രീമിയം സർവീസുകൾ കൂടിയാരംഭിച്ചതോടെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും ബസിൻറെ നിറം സംബന്ധിച്ച് പരാതികളും ഉയർന്ന സാഹചര്യത്തിലാണ് സൂപ്പർ ഡീലക്സ് ബസുകളുടെ നിറം മാറ്റം കെഎസ്ആർടിസി ആലോചിച്ചത്. ഇതിന് പിന്നാലെ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം സെൻട്രൽ വർക്ക്സിലെത്തിയ സൂപ്പർ‌ ഡീലക്സ് ബസ് നിറം മാറ്റി നടത്തിയ പരീക്ഷണം വിജയകരമായെന്ന വിലയിരുത്തലിൽ കൂടുതൽ ബസുകളും ഈ നിറത്തിലേക്ക് മാറ്റാണ് ആലോചന.

നേരത്തെ കെഎസ്ആർടിസി നിർമിച്ച് സർവീസ് നടത്തിയിരുന്ന സൂപ്പർ ഡീലക്സ് ബസുകൾക്ക് വെള്ള നിറത്തിൽ ദേശീയപതാക മാതൃകയിലുള്ള ചിത്രമായിരുന്നു പതിപ്പിച്ചിരുന്നത്. എന്നാൽ നാല് വർഷം മുമ്പാണ് ബസ് നിർമാണം അവസാനിപ്പിച്ച് സ്വിഫ്റ്റിലേക്ക് സൂപ്പർ ഡീലക്സ് ബസുകൾ വാങ്ങിയത്. എഴുപതോളം ബസുകളെത്തിയതെല്ലാം ഓറഞ്ച് നിറത്തിലായിരുന്നു. ദീർഘദൂര സർവീസുകളായ ഇവ കൂടാതെ എസി, നോൺ എസി, സ്ലീപ്പർ, പ്രീമിയം സർവീസുകളും ഓറഞ്ച് നിറത്തിലെത്തിയതോടെ യാത്രക്കാർക്ക് ബസ് തിരിച്ചറിയാൻ ബുദ്ധിമുട്ടായെന്നും ഇത് ചൂണ്ടിക്കാട്ടി പരാതികൾ എത്തിയത് പരിഗണിച്ചാണ് നിറം മാറ്റമെന്നുമാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നത്.

പരാതി ഉയർന്ന പഴയ സീറ്റുകളിലും മാറ്റമുണ്ട്. നീല കളറിലെ പഴയ സീറ്റുകൾ മാറ്റി കൂടുതൽ യാത്രാസുഖം സമ്മാനിക്കുന്ന ചുവപ്പ് നിറത്തിലുള്ള സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം സെൻട്രൽ വർക്ക്സിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി പുറത്തിറങ്ങുന്ന ബസ് ഉടൻ സർവീസ് ആരംഭിക്കും. മറ്റു ബസുകളും അറ്റകുറ്റപ്പണി നടത്തി വെള്ളക്കുപ്പായത്തിലേക്കെത്തും.

Related Articles

Back to top button