വഴിയിൽ നിർത്തിയ കെഎസ്ആർടിസി പിന്നെ സ്റ്റാർട്ടായില്ല…ഡ്രൈവറും കണ്ടക്ടറും…
മൂന്നാർ കെ എസ് ആർ ടി സി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ കണ്ടക്ടറും ഡ്രൈവറും തമ്മിലടിച്ചു. സംഭവത്തിൽ കണ്ടക്ടറെ മർദിച്ച ഡ്രൈവർക്കെതിരെ നടപടിക്ക് സാധ്യത. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വകുപ്പുതല നടപടിക്കും സാധ്യതയേറിയത്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ മനോജിനെതിരെയാണ് (45) പൊലീസ് കേസെടുത്തത്. കെ എസ് ആർ ടി സി ഡിപ്പോയിലെ എം പാനൽ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ സ്ഥിരം ജീവനക്കാരനായ ഡ്രൈവർക്കെതിരെയാണ് നടപടിക്ക് സാധ്യതയുള്ളത്. സംഭവത്തെ കുറിച്ച് തൊടുപുഴ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടുത്ത ദിവസം അന്വേഷണമാരംഭിക്കും. കണ്ടക്ടർ സി കെ ആന്റണിക്കാണു മർദനമേറ്റത്. വണ്ടി തകരാറിലായത് ഡ്രൈവറുടെ കുറ്റം കൊണ്ടാണെന്ന കണ്ടക്ടറുടെ പരാമർശമാണ് മർദനത്തിനു കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.