ഓവർടേക്കിനെ ചൊല്ലി തർക്കം; നടുറോഡിൽ കെഎസ്ആർടിസി തടഞ്ഞ് കയ്യേറ്റം

എറണാകുളം ആലുവയിൽ കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ബൈക്കിലെത്തിയ യുവാക്കൾ ഹെൽമറ്റ് കൊണ്ട് മർദിച്ചു. കുട്ടമശ്ശേരിയിൽ വച്ച് ബസ് കാറിനെ മറികടക്കുമ്പോൾ എതിരെ വന്ന ബൈക്കിന് തടസ്സമുണ്ടാക്കിയതാണ് പ്രകോപനം. പരിക്കേറ്റ കെഎസ്ആർടിസിജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

ആലുവയിൽ നിന്ന് അടൂരിലേക്കുള്ള കെഎസ്ആർടിസി സർവീസിനിടെയാണ് സംഭവം. ബസ് മഹിളാലയം കവല പിന്നിട്ടപ്പോൾ, ഒരു കാറിനെ മറികടക്കാൻ ശ്രമിച്ചു. എതിരെ വന്ന ബൈക്കിന് മുന്നിൽ കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്കിട്ടു. ഈ ബൈക്കിലെ യുവാക്കളാണ് കെഎസ്ആർടിസി ജീവനക്കാരെ മർദിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ, കുട്ടമശ്ശേരിയിലായിരുന്നു ആക്രണം. സംഭവത്തിന് പിന്നാലെ ബസിനെ പിന്തുടർന്ന യുവാക്കൾ ഹെൽമറ്റ് കൊണ്ട് ഡ്രൈവറെ എറിഞ്ഞു. എന്നാൽ, കമ്പിയിൽ തട്ടിയതിനാൽ ഡ്രൈവർക്ക് പരിക്കേറ്റില്ല. യുവാക്കളാകട്ടെ, ബസിനെ പിന്തുടർന്ന് ബൈക്ക് കുറുകെ നിർത്തിയാണ് തല്ലിയത്.

അടൂർ ഡിപ്പോയിലെ ഡ്രൈവർ കായംകുളം സ്വദേശി ശ്യാംകുമാർ, കണ്ടക്ടർ ശാസ്താംകോട്ട സ്വദേശി പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. കണ്ടക്ടറുടെ മുഖത്തും കണ്ണിനും പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ മറ്റ് ബസ്സുകളിൽ കയറ്റി വിട്ടു. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ കുറിച്ച് പൊലീസിന് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടങ്ങി.

Related Articles

Back to top button