രാത്രി യാത്രയ്ക്കിടെ വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കണ്ടക്ടറെ പിരിച്ചുവിട്ട് KSRTC

രാത്രി യാത്രയ്ക്കിടെ വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്ന സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സർവീസ് നടത്തുകയായിരുന്ന RPE 546 സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം നടന്നത്.
പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാർത്ഥികളായ ഇടുക്കി സ്വദേശിനിക്കും പത്തനംതിട്ട സ്വദേശിനിക്കുമായിരുന്നു ദുരനുഭവമുണ്ടായത്. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള പൊങ്ങം എന്ന സ്ഥലത്തായിരുന്നു വിദ്യാർത്ഥിനികൾക്ക് ഇറങ്ങേണ്ടിയിരുന്നത്. ബസ് നിർത്തി നൽകണമെന്ന് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ അതിന് തയ്യാറായില്ല. ഇതോടെ വിദ്യാർത്ഥിനികൾ കരയുകയും മറ്റ് യാത്രക്കാർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും കണ്ടക്ടർ ബസ് നിർത്താൻ കൂട്ടാക്കിയില്ല. ബസ് ചാലക്കുടി ബസ് സ്റ്റാൻഡിലാണ് നിർത്തിയത്. ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.



