ബസിറങ്ങിയ 2 പേരുടെ പിന്നാലെയോടി കെഎസ്ആർടിസി കണ്ടക്ടർ….പിടിചെടുത്തത്…
ആലപ്പുഴ: കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാരിക്ക് ഏഴ് പവന്‍റെ മാല തിരിച്ചുകിട്ടി. ആലപ്പുഴയിൽ നിന്ന് പത്തനംതിട്ടയ്ക്കുള്ള കെഎസ്ആർടിസി ബസിൽ ഇന്നലെയാണ് സംഭവം നടന്നത്. ആലപ്പുഴ ഡിപ്പോയിലെ കെ പ്രകാശായിരുന്നു ബസിലെ കണ്ടക്ടർ. രാവിലെ എട്ടു മണിക്കാണ് ബസ് പുറപ്പെട്ടത്. കൈതവനയിലെത്തിയപ്പോൾ കുറച്ചു സ്ത്രീകൾ കയറി. അവരിൽ രണ്ട് പേർ തമിഴ് നാടോടി സ്ത്രീകളായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ പ്രകാശിന് സംശയം തോന്നി. ടിക്കറ്റ് നൽകാൻ ചെന്നപ്പോൾ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് മാറ്റി പറഞ്ഞു. എന്നാൽ മങ്കൊമ്പിൽ എത്തുന്നതിന് മുൻപ് കൈനകരിയെത്തിയപ്പോൾ ഇരുവരും ഇറങ്ങി. പിന്നാലെ. തന്‍റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക പറഞ്ഞു. നാടോടി സ്ത്രീകൾ കയറിയ അതേ സ്റ്റോപ്പിൽ നിന്നാണ് വയോധികയും കയറിയത്. കണ്ടക്ടർ വേഗം ബസിൽ നിന്നിറങ്ങി സ്ത്രീകൾക്കു പിന്നാലെ ഓടി. നാടോടി സ്ത്രീകൾ ഓട്ടോയിൽ കയറുന്നതിനിടെ കണ്ടക്ടറം യാത്രക്കാരും തടഞ്ഞു. യുവതിയുടെ കയ്യിൽ മാലയുണ്ടായിരുന്നു. ഉടനെ നെടുമുടി പൊലീസിനെ അറിയിച്ചു. പൊലീസെത്തി അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. പ്രകാശിനെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.