‘പറ്റിപ്പോയി സാറെ, ഒരു ക്വാർട്ടറാ കഴിച്ചേ…’ കയ്യോടെ പിടിച്ച് വിജിലൻസ്..

ജോലിക്കിടയിൽ മദ്യപിച്ചു ലക്കുകെട്ട് കെഎസ്ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്. ഈരാറ്റുപേട്ട – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ കുമാർ ബദലിയാണ് ജോലിക്കിടെ മദ്യപിച്ചത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് ഇയാളെ കയ്യോടെ പിടിച്ചു. പിന്നീട് കണ്ടക്ടറെ മാറ്റിയാണ് ബസ് യാത്ര തുടർന്നത്. പറ്റിപ്പോയെന്നും ഒരു ക്വാർട്ടർ ആണ് കഴിച്ചതെന്നും കണ്ടക്ടർ വിജിലൻസിനോട് സമ്മതിച്ചു.
അതേസമയം, കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യാൻ ഓൺലൈനായി ടിക്കറ്റെടുത്ത യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ബസ് എപ്പോഴെത്തുമെന്നോ എവിടെ എത്തിയെന്നോ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുകയും ഫോൺ എടുക്കാതിരിക്കുകയും ചെയ്ത കണ്ടക്ടറുടെ നടപടിയിൽ യാത്രക്കാർ ബസിനുള്ളിൽ തന്നെ പ്രതിഷേധം ഉയർത്തി. സ്ഥിരമായി കോഴിക്കോട്-കൊച്ചി റൂട്ടിൽ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന യാത്രക്കാരിയും ഓൺലൈൻ ചാനൽ അവതാരകയുമായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കിൽ കുറിച്ചത്.
കൊച്ചിയിലേക്കുള്ള യാത്രക്കായി രാത്രി 7.40-ന് കോഴിക്കോട് എത്തേണ്ട കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് ഹരിത ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാമനാട്ടുകരയിൽ നിന്നാണ് ബസിൽ കയറേണ്ടിയിരുന്നത്. പൊതുവെ വൈകി എത്തുന്ന പതിവുള്ള ബസ് ആയതിനാൽ ഇപ്പോൾ എവിടെ എത്തിയെന്നത് അടക്കമുള്ള വിവരങ്ങൾ അറിയാനും രാമനാട്ടുകരയിൽ നിന്ന് കയറുന്ന വിവരം അറിയിക്കാനുമായി വൈകുന്നേരം 6.30 മുതൽ ഹരിത കണ്ടക്ടറെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് എട്ട് മണിവരെ പലപ്പോഴായി വിളിച്ചെങ്കിലും ഫലം കണ്ടില്ല.



