പുതുവർഷത്തിൽ സർചാർജ് അടിച്ചേൽപ്പിച്ചു എന്ന വാർത്ത വ്യാജമെന്ന് കെഎസ്ഇബി, അറിയിപ്പ് ഇങ്ങനെ

പുതുവർഷത്തിൽ സർചാർജ് അടിച്ചേൽപ്പിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി. ഇന്ധന സർചാർജ് എന്ന പേരിൽ കെഎസ്ഇബി പുതുതായി ഒരു തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നു എന്ന തരത്തിലാണ് പ്രചാരണങ്ങൾ. എന്നാലിത് തികച്ചും വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ഊർജ മന്ത്രാലയത്തിൻറെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച നിബന്ധനകൾ പ്രകാരം ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ യൂണിറ്റിന് പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.




