കരാര്‍ നീട്ടാമെന്നുപറഞ്ഞ് മോഹിപ്പിച്ചു; കെഎസ്ഇബി ബിസിഎസിന് 240 കോടി രൂപ നല്‍കാൻ ഉത്തരവിട്ട് ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ
തിരുവനന്തപുരം: കരാര്‍ നീട്ടാമെന്നുപറഞ്ഞ് അനില്‍ അംബാനിയുടെ ബിഎസ്ഇഎസിനെ മോഹിപ്പിച്ചു. കെഎസ്ഇബി 240 കോടി നല്‍കണമെന്ന് വിധിച്ച് ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ. റിലയന്‍സ് ഗ്രൂപ്പിന്റെ അനുബന്ധകമ്പനിയായ ബിഎസ്ഇഎസുമായുള്ള കരാർ 2015-ല്‍ അവസാനിച്ചശേഷം കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഇന്ധനമായ നാഫ്ത കത്തിച്ചുതീര്‍ക്കാന്‍ ഉത്പാദിപ്പിച്ച വൈദ്യുതിക്കും ശേഖരിച്ച നാഫ്തയ്ക്കുമാണ് ഈ വില. കെഎസ്ഇബിക്ക് ആവശ്യമില്ലാതിരുന്നിട്ടും ഇത് സ്വീകരിക്കേണ്ടിവരുകയായിരുന്നു.
കരാര്‍ നീട്ടാമെന്നുപറഞ്ഞ് കേരള സര്‍ക്കാരും കെഎസ്ഇബിയും ബിഎസ്ഇഎസിനെ മോഹിപ്പിച്ചതിനാല്‍ അവരുടെ പ്രതീക്ഷ നിയമപരമാണെന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. 240 കോടി നല്‍കേണ്ടിവന്നാല്‍ അതും ജനത്തിന്റെ വൈദ്യുതിബില്ലിലെത്തും.
തുടക്കം 1999-ല്‍
1999-ലാണ് കൊച്ചിയിലെ ബിഎസ്ഇഎസും കെഎസ്ഇബിയും തമ്മില്‍ വൈദ്യുതി വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെടുന്നത്. നാഫ്ത ഉപയോഗിച്ചായിരുന്നു ഉത്പാദനം. നാഫ്തയുടെ വിലയനുസരിച്ച് യൂണിറ്റിന് ഒമ്പതുരൂപവരെ നിരക്ക് ഉയര്‍ന്നിരുന്നു. ഫിക്‌സഡ് ചാര്‍ജായി യൂണിറ്റിന് 90 പൈസയും നല്‍കിയിരുന്നു.
2015-ല്‍ കരാര്‍ അവസാനിച്ചു. വിലകൂടിയതിനാല്‍ വല്ലപ്പോഴും മാത്രമേ കെഎസ്ഇബി വൈദ്യുതി സ്വീകരിച്ചിരുന്നുള്ളൂ. 2015-ല്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ പുതുക്കാന്‍ കമ്പനി താത്പര്യം പ്രകടിപ്പിച്ചു. കെഎസ്ഇബിക്കുമേല്‍ സമ്മര്‍ദവുമുണ്ടായി. നാഫ്തയില്‍നിന്ന് ചെലവുകുറഞ്ഞ ഇന്ധനമായ എല്‍എന്‍ജിയിലേക്ക് മാറിയാല്‍ കരാര്‍ പുതുക്കാമെന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്. എന്നാല്‍, ഇന്ധനമാറ്റത്തിന് കമ്പനിക്ക് അനുമതി ലഭിച്ചില്ല.
കരാര്‍ പുതുക്കാന്‍ കമ്പനി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. നിബന്ധനകളോടെ രണ്ടുവര്‍ഷത്തേക്ക് പുതുക്കാന്‍ തത്ത്വത്തില്‍ ധാരണയായെന്നും ഇക്കാര്യം കമ്മിഷന്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. കെഎസ്ഇബിയും ബിഎസ്ഇഎസും തമ്മില്‍ നിരക്കിലും വ്യവസ്ഥകളിലും ധാരണയാകാത്തതിനാല്‍ കമ്മിഷന്‍ അപേക്ഷ തള്ളി.
നാഫ്ത സുരക്ഷാപ്രശ്‌നമായി
കരാര്‍ നിലവിലുണ്ടായിരുന്ന 2014 നവംബറില്‍ മതിയായ നാഫ്ത ശേഖരിക്കാന്‍ കമ്പനിക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കിയിരുന്നു. 10,400 ടണ്‍ ശേഖരിച്ചെന്നാണ് കമ്പനിയുടെ കണക്ക്. കരാര്‍ അവസാനിച്ച് വൈദ്യുതിയുത്പാദനം നടക്കാതെവന്നതോടെ നാഫ്താശേഖരം സുരക്ഷാപ്രശ്‌നമായി.
നാഫ്ത നീക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. നാഫ്ത കത്തിച്ചുതീര്‍ക്കാന്‍, ഗ്രിഡ് ഉപയോഗിക്കുന്നതിന് ബാധകമായ നിരക്കുമാത്രം സ്വീകരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്‍കുക അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുക. അതുമല്ലെങ്കില്‍ ഫാക്ട് പോലുള്ള സ്ഥാപനങ്ങള്‍ക്ക് നാഫ്ത കൈമാറുക -ഹൈക്കോടതി ഈ നിര്‍ദേശങ്ങള്‍ നല്‍കി.
നാലുരൂപയ്ക്ക്പകരം 25.41 രൂപ ചോദിച്ചു
മറ്റുസ്ഥാപനങ്ങള്‍ക്ക് നാഫ്ത കൈമാറാന്‍ കമ്പനി തയ്യാറായില്ല. നാഫ്ത കൈമാറാനുള്ള പൈപ്പ് ലീക്കാണെന്നാണ് കമ്പനി പറഞ്ഞത്. പകരം ഗ്രിഡിന് ബാധകമായ ചെലവ് വാങ്ങാമെന്ന ആദ്യനിര്‍ദേശം സ്വീകരിച്ച് ഒരുമാസം 6.19 കോടി യൂണിറ്റ് ഉത്പാദിപ്പിച്ചു. യൂണിറ്റിന് നാലുരൂപവരെയാണ് ലഭിക്കുമായിരുന്നത്.എന്നാല്‍, മുന്‍ കരാര്‍പ്രകാരമുള്ള നിരക്കും ഫിക്‌സഡ് ചാര്‍ജും ഉള്‍പ്പെടെ 157.34 കോടി വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
ഇതനുസരിച്ച് യൂണിറ്റിന് 25.41 രൂപ വരും. ഹൈക്കോടതി നിര്‍ദേശിച്ചതുപോലെ ഗ്രിഡിന് ബാധകമായ നിരക്കുമാത്രം കമ്മിഷന്‍ അനുവദിച്ചു. ഇതിനെതിരേയാണ് ട്രിബ്യൂണലിനെ സമീപിച്ച് കമ്പനി അനുകൂലവിധി നേടിയത്. കമ്പനിക്ക് 157.34 കോടിയും എട്ടുവര്‍ഷത്തെ പലിശയും നല്‍കണം. നിയമപരമായ പ്രതീക്ഷ എന്ന തത്ത്വം ഇന്ത്യന്‍ കോടതികള്‍ വളരെ അപൂര്‍വമായേ സ്വീകരിക്കാറുള്ളൂ. വിധിക്കെതിരേ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് തിങ്കളാഴ്ച മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാവും.