‘മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് ആ നടന്റെ ഫോട്ടോയ്ക്ക് പകരം അവർ ഉപയോഗിച്ചത് എന്റെ ഫോട്ടോ’; കൃഷ്ണ കുമാർ

സിനിമയിൽ കുറച്ച് വർഷങ്ങളായി സജീവമല്ലാത്ത നടൻ കൃഷ്ണകുമാർ, തന്റെ ഫോട്ടോ ഒരു വാർത്ത റിപ്പോർട്ടിൽ തെറ്റായി ഉപയോഗിച്ചതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ്. ഇപ്പോൾ അഭിനയ രംഗത്തു നിന്ന് വിട്ടു നിൽക്കുന്ന കൃഷ്ണകുമാർ രാഷ്ട്രീയ രംഗത്തും സജീവമാണ്. ഇപ്പോഴിതാ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് കൃഷ്ണ കുമാർ പങ്കിട്ട ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സോണൽ ഓഫീസ് തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ് അയച്ചിരുന്നു. ഈ വാർത്ത ബ്രേക്ക് ചെയ്തപ്പോൾ ചാനൽ ഉപയോഗിച്ചത് കൃഷ്ണകുമാറിന്റെ ഫോട്ടോയാണ്.
കൃഷ്ണകുമാറിന്റെ വാക്കുകൾ:
”നമസ്കാരം… തമിഴ് സിനിമ ഇന്റസ്ട്രിയിൽ നിന്നുള്ള കൃഷ്ണകുമാർ എന്നൊരു നടൻ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഒക്ടോബർ 24ന് ഇന്ത്യ ടുഡെ സംപ്രേഷണം ചെയ്ത ഒരു ന്യൂസ് റിപ്പോർട്ടുണ്ട്. അതിൽ എന്റെ ചിത്രങ്ങളാണ് തമിഴ് സിനിമ ഇന്റസ്ട്രിയിൽ നിന്നുള്ള കൃഷ്ണകുമാർ എന്ന രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യ ടുഡെ ചാനലിന്റെ ഈ പ്രവൃത്തി പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കിയതിനും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രതിച്ഛായയ്ക്ക് ഗുരുതരമായ മങ്ങൽ ഏൽപ്പിച്ചതിനും ഈ വിഷയം അതീവ ഗൗരവമുള്ളത് ആയതിനാലും ഞാൻ ഇന്ത്യ ടുഡെയ്ക്കും ആ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് എതിരേയും നിയമ നടപടി ആരംഭിച്ച് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. അതിനുശേഷം തങ്ങൾക്ക് പറ്റിയ പിഴവ് സമ്മതിച്ചുകൊണ്ട് ഇന്ത്യ ടുഡെ ചാനലിന്റെ ഗ്രീവൻസ് മാനേജറിന്റെ പേരിൽ ഒരു ഇ മെയിൽ എന്റെ ലോയറിന് ലഭിച്ചു.
ഈ സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ മനസിലാക്കി ഇനി ഇത്തരം വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ആവശ്യമായ സൂക്ഷ്മത പാലിക്കണമെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും ഈ അവസരത്തിൽ വിനീതമായി അഭ്യർത്ഥിക്കുന്നു”.
ചാനലുകൾ ഇത്തരത്തിൽ കൃത്യമായ പഠനം നടത്താതെ വാർത്തയുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരുടെ ഫോട്ടോകൾ പേര് മാത്രം സമാനമായതിന്റെ പേരിൽ ഉപയോഗിക്കുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കൃഷ്ണകുമാർ നിയമ നടപടി ആരംഭിച്ച് ഇന്ത്യ ടുഡെ ചാനലിന് മാനനഷ്ട നോട്ടീസ് അയച്ചതായി വാർത്തയിൽ പറയപ്പെടുന്നു. തുടർന്ന്, ചാനൽ പിഴവ് സമ്മതിച്ച്, ഗ്രീവൻസ് മാനേജറിന്റെ പേരിൽ ഒരു ഇമെയിൽ താരത്തിനു ലഭിച്ചിട്ടുണ്ട്.



