സജീവമല്ലാത്തവർക്ക് പിടിവീഴും… മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരെ എത്തിക്കണം…കെപിസിസി മാര്‍ഗരേഖ…

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. താഴെ തട്ടിലെ നേതാക്കൾ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രസി‍ഡന്‍റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം.

ഭാരവാഹികളുടെ ബാഹുല്യമുണ്ടെങ്കിലും ആര്‍ക്കും പ്രത്യേക ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ല. പദവികളിലെത്തിയാല്‍ പാര്‍ട്ടി പരിപാടികളില്‍ ആബ്സന്‍റ് ആയിരിക്കും. എത്ര പുതുക്കാന്‍ ശ്രമിച്ചാലും പണിതീരാത്ത പുനസംഘടന. ഈ നിലയില്‍ സംഘടനാസംവിധാനത്തെ ഇനി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന ബോധ്യത്തില്‍നിന്നാണ് പുതിയ മാര്‍ഗരേഖയുടെ പിറവി. സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികള്‍ക്ക് അയച്ച ഒമ്പത് പേജുള്ള കത്തില്‍ സംഘടന എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അക്കമിട്ടുനിരത്തുന്നു. ഇനിമുതല്‍ ബ്ലോക്ക് ഭാരവാഹികള്‍ക്ക് ചുമതലകള്‍ വിഭജിച്ചുനല്‍കും. പണിയെടുക്കാത്തവരുടെ പട്ടിക പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറണം. കൃത്യമായി യോഗങ്ങള്‍ ചേരണം. പാര്‍ട്ടി ഓഫിസില്‍ ടിവിയും കമ്പ്യൂട്ടറും വേണം. ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നേതാക്കള്‍ സജീവമാകണം. പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനാകുമോ എന്നാണ് സംഘടനാ ജനറല്‍സെക്രട്ടറിയുടെ ശ്രമം.

മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും കോണ്‍ഗ്രസില്‍ എത്തിക്കാന്‍ പ്രത്യേക ശ്രമം ബ്ലോക്ക് കമ്മിറ്റികള്‍ നടത്തണം. സംസ്ഥാനത്ത് ആകെ 1498 മണ്ഡലം കമ്മിറ്റികളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ആയിരത്തി ഒരുനൂറിലധികം പുനസംഘടിപ്പിച്ചു. എന്നാല്‍ പുതിയ മാര്‍ഗരേഖയില്‍ കോണ്‍ഗ്രസ് നേതൃത്വം കൊട്ടിഘോഷിച്ച സി.യു.സികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശമില്ല. 

Related Articles

Back to top button