കത്ത് തന്റേതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്

കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്ന് വ്യക്തമാക്കിയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കത്തിന് പിന്നിൽ താനാണെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് ഇരിട്ടിയിൽ പറഞ്ഞു.

കെ സുധാകരനും താനുമായി ഒരു പ്രശ്നവുമില്ല. തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡിജിപി, ജില്ലാ കളക്ടർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഇത്തരത്തിൽ ഒരു കത്ത് എഴുതുകയോ, അയയ്ക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് തുറന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ ആർജ്ജവം തനിക്കുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ എന്തിനാണ് മടിക്കുന്നത്. ആരാണ് വ്യാജകത്ത് സൃഷ്ടിച്ചതെന്ന് കണ്ടുപിടിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. തന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിൽ വ്യാജകത്ത് ആരാണ് സൃഷ്ടിച്ചതെന്ന് തെളിയിക്കാൻ സർക്കാരും പൊലീസും തയ്യാറാകുന്നില്ലെങ്കിൽ കോടതിയിൽ ഏതറ്റംവരെയും പോയി സത്യസന്ധതയും നിരപാരാധിത്വവും തെളിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഈ വ്യാജകത്തും വടകരയിലെ കാഫിർ സ്്ക്രീൻ ഷോർട്ടിന് തുല്യമാണ്. കാഫിർ സ്‌ക്രീൻഷോർട്ടിന്റെ അന്വേഷണം എൽഡിഎഫ് പ്രവർത്തകരിലേക്ക് എത്തിയപ്പോഴാണ് അത് മരവിപ്പിച്ചത്. അതിൽ യുഡിഎഫ് പ്രവർത്തകനെ പ്രതിയാക്കാനാണ് ശ്രമിച്ചത്. കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് നിലച്ച അന്വേഷണം വീണ്ടും നടത്തിയത്. ഒടുവിൽ കാഫിർ സ്‌ക്രീൻഷോർട്ട് അന്വേഷണം എത്തിയത് എൽഡിഎഫിന് ബന്ധമുള്ള സമൂഹമാധ്യമ പേജുകളിലേക്കാണ്. അതിനെ തുടർന്ന് റിപ്പോർട്ട് കൊടുക്കാത്ത സാഹചര്യമാണുണ്ടായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. അതുപോലെ ഈ വ്യാജകത്തിലെ അന്വേഷണം മാറിയാൽ കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെ സുധാകരന് കണ്ണൂരിൽ സീറ്റ് നൽകരുതെന്നാണ് പ്രചരിച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിൽ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കെപിസിസിയുടെ ലെറ്റർഹെഡിൽ നിന്ന് കത്ത് നൽകിയെന്നായിരുന്നു ആരോപണം.

Related Articles

Back to top button